ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം. ഗോവയിലെ ബാംബോളം ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ/ എടികെ മോഹന്‍ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും നേര്‍ക്കുനേര്‍ വരും. രണ്ട് തവണ നേരിയ മാര്‍ജിനില്‍ കൈവിട്ട ഐഎസ്‌എല്‍ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സന്ദേശ് ജിങ്കന്‍ ഇല്ലാതെ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഒരു ഐഎസ്‌എല്‍ സീസണെ നേരിടാന്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലീഗിന്‍റെ തുടക്കം മുതൽ ആറ് വർഷത്തോളം ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമായിരുന്ന ജിങ്കന്‍ ഒരുകാലത്ത് മഞ്ഞപ്പടയുടെ നായകനുമായിരുന്നു.
പരിശീലകൻ കിബു വിക്കുന ഉദ്‌ഘാടന മത്സരത്തിലെ മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രമാകും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വിക്കുന ആയിരുന്നു. മോഹൻ ബഗാൻ എടികെ ലയനത്തിന് ശേഷമാണ് വിക്കുന ബ്ലാസ്റ്റേഴ്‌സിന്‍റെ പാളയത്തില്‍ കളി പഠിപ്പിക്കാന്‍ എത്തുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഒരേയൊരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയാണ് ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. വിക്കുനയുടെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തുറ്റ പരിശീലകനാണ് മറുവശത്ത്. എടികെയെ കളി പഠിപ്പിക്കുന്ന അന്‍റോണിയോ ഹബാസ് ഐഎസ്‌എല്ലില്‍ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്. രണ്ടു വട്ടം ഐഎസ്‌എല്‍ കിരീടം സ്വന്തമാക്കിയ ഏക പരിശീലകനെന്ന റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണ്.
ലയനത്തിന് ശേഷം എടികെ മോഹൻ ബഗാന് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പോരാട്ടമാണ് ഇത്തവണത്തെ ഉദ്‌ഘാടനം മത്സരം. കഴിഞ്ഞ സീസണിൽ എടികെ നിരയിലുണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യൻ, വിദേശ താരങ്ങളെയും ഇത്തവണ നിലനിർത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും എടികെ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ ഉദ്‌ഘാടന മത്സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനോട് എടികെ തോല്‍വി വഴങ്ങി. രണ്ടാം തവണയും സമാന ഫലമാണുണ്ടായത്. ആദ്യ മത്സരത്തിൽ ഒഗ്ബെച്ചെയുടെ ഇരട്ട ഗോളുകളും രണ്ടാമത്തെ തവണ ഹാലിചരൺ നർസാരിയുടെ ഗോളുകളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്.