കേരളം

kerala

By

Published : Aug 26, 2021, 8:16 PM IST

ETV Bharat / sports

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്‍റെ മൃതദേഹം സംസ്‌കരിച്ചു ; സര്‍ക്കാര്‍ അവഗണിച്ചെന്ന് വിമര്‍ശനം

ഫുട്‌ബോൾ താരമെന്ന നിലയിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന , മലയാളിയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിച്ചെന്ന് വിമര്‍ശനം

olympian o chandrasekharan  o chandrasekharan  footballer o chandrasekharan  olympian chandrasekharan  ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്‍  ഒ. ചന്ദ്രശേഖരന്‍  ഒളിമ്പ്യൻ
ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്‍റെ മൃതദേഹം സംസ്‌കരിച്ചു; സര്‍ക്കാര്‍ അവഗണിച്ചുവെന്ന് വിമര്‍ശനം

എറണാകുളം : ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകൻ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്‍റെ മൃതദേഹം സംസ്‌കരിച്ചു. പച്ചാളം പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.

വിദേശത്തുള്ള മക്കളുടെയും ബന്ധുക്കളുടെയും സൗകര്യാർഥമാണ് സംസ്‌കാരം രണ്ട് ദിവസത്തേക്ക് മാറ്റിയത്. അതേസമയം ഫുട്‌ബോൾ താരമെന്ന നിലയിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന, മലയാളിയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിച്ചെന്ന വിമര്‍ശനവുമുയര്‍ന്നു.

സംസ്കാര വേളയില്‍ സംസ്ഥാന ബഹുമതികള്‍ നൽകാതിരുന്നത് പ്രതിഷേധാർഹമാണെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. കായിക വകുപ്പ് മന്ത്രിയോ, ജില്ലാ കളക്ടറോ ചടങ്ങിൽ പങ്കെടുക്കാത്തത് വലിയ അവഗണനയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

1960ലെ റോം ഒളിമ്പിക്‌സിൽ മത്സരിച്ച ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. റോം ഒളിമ്പിക്സിൽ ഫുട്‌ബോൾ കളിച്ച ഇന്ത്യക്കാരിൽ ജീവിച്ചിരുന്ന അവസാന താരത്തെയാണ് ഒ.ചന്ദ്രശേഖരന്‍റെ വിയോഗത്തോടെ നഷ്‌ടമായത്. 1962 എഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും അദ്ദേഹമുണ്ടായിരുന്നു.

കെ ബാബു എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കുന്നു.

1958 മുതൽ 1966 വരെ ദേശീയ ടീമിന്‍റെ ഭാഗമായിരുന്ന ചന്ദ്രശേഖരൻ 1969ലാണ് കാൽപന്ത് കളിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചത്.

1962ലെ ഏഷ്യൻ കപ്പിലും 1959, 1964 വർഷങ്ങളില്‍ മെർദേക്ക കപ്പില്‍ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1956-1966 വർഷങ്ങളിൽ മഹാരാഷ്‌ട്രയ്‌ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ നായകനായി കിരീടവും നേടിയിരുന്നു.

also read: ദേശീയ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ബെല്ലാരിയില്‍ ; പുതിയ ഭാരവിഭാഗങ്ങളിലും മത്സരം

ഇരിങ്ങാലക്കുട ഗവ. ഹൈ‌സ്‌കൂളിലും തൃശൂർ സെന്‍റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളജിലുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അസിസ്‌റ്റന്‍റ് ജനറൽ മാനേജരായാണ് വിരമിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം വിവാഹ ശേഷമാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്.

ABOUT THE AUTHOR

...view details