വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍ ദുര്‍ബലരായ ഒഡിഷ എഫ്‌സിയെ നേരിടുന്നു. ശനിയാഴ്‌ച രാത്രി 7.30ന് ഗോവ ബിംബോളിം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാന്‍ ഒഡീഷക്ക് പതിനെട്ടടവും പ്രയോഗിക്കേണ്ടി വരും. പരിശീലകന്‍ സ്റ്റുവര്‍ട്ട് ബക്‌സറെ പുറത്താക്കിയ ശേഷമുള്ള ഒഡീഷ എഫ്‌സിയുടെ ആദ്യ മത്സരമാണ് വരാനിരിക്കുന്നത്.
സീസണില്‍ പ്രതീക്ഷകളൊന്നും ബാക്കിയില്ലെങ്കിലും കരുത്തരായ എടികെ മോഹന്‍ബഗാനോട് ജയിക്കാനുള്ള അവസരം എന്ത് വില കൊടുത്തും പ്രയോജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാകും ഒഡിഷ ഇറങ്ങുക. സീസണില്‍ കഴിഞ്ഞ 14 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ഒഡിഷ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
മറുഭാഗത്ത് ഇത്രയും മത്സരങ്ങളില്‍ നിന്നും എട്ട് ജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 27 പോയിന്‍റുള്ള എടികെ മോഹന്‍ബഗാന്‍ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. തുടര്‍ ജയങ്ങളുമായി ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് എടികെ ലക്ഷ്യമിടുന്നത്. ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ ആദ്യപകുതിയില്‍ പിന്നില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് അന്‍റോണിയോ ലോപ്പസ് ഹെബാസിന്‍റെ ശിഷ്യന്‍മാര്‍.
ഹെബാസിന്‍റെ തന്ത്രങ്ങളെ ഏത് രീതിയില്‍ എതിരാളികളായ ഒഡിഷ എഫ്‌സി പ്രതിരോധിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ രണ്ടാമത്തെ ടീമാണ് ഒഡിഷ എഫ്‌സി. രണ്ടാം സ്ഥാനത്തുള്ള ഒഡിഷ 21 ഗോളുകള്‍ വഴങ്ങിയപ്പോള്‍ ഒന്നാമതുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് 27 ഗോളുകളാണ് വഴങ്ങിയത്.
മത്സരം രാത്രി 7.30 മുതല്‍ സ്‌റ്റാര്‍ നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലും തത്സമയം കാണാം.