ലണ്ടന്‍: ഒബാമയാങ്ങ് ഇരട്ടവെടിപൊട്ടിച്ചതോടെ ആഴ്‌സണലിന്‍റെ ആയുധപ്പുരയില്‍ ആഘോഷങ്ങള്‍ക്ക് പൊടിപൊടിക്കുന്നു. ഏഫ്‌എ കപ്പിന്‍റെ ഫൈനലില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. അഞ്ചാം മിനിട്ടില്‍ ചെല്‍സിയുടെ മുന്നേറ്റ താരം ക്രിസ്റ്റ്യന്‍ പുലിസിച്ച് എതിരാളികളുെട വല ചലിപ്പിച്ചെങ്കിലും ലീഡ് നിലനിര്‍ത്താന്‍ നീലപ്പടക്കായില്ല. പെനാല്‍ട്ടിയിലൂടെ ആദ്യ പകുതിയിലെ 28ാം മിനിട്ടിലും തുടര്‍ന്ന് രണ്ടാം പകുതിയിലെ 67ാം മിനിട്ടിലുമായിരുന്നു ഒബാമയാങ്ങിന്‍റെ ഗോളുകള്‍ പിറന്നത്.
14ാമത്തെ തവണ ഗണ്ണേഴ്‌സ് എഫ്‌എ കപ്പ് സ്വന്തമാക്കുമ്പോള്‍ അതിന്‍റെ എല്ലാ ക്രഡിറ്റും ലഭിക്കുന്നത് സ്‌പാനിഷ് പരിശീലകന്‍ മൈക്കള്‍ അട്ടേരക്കാണ്. പരിശീലകന്‍ എന്ന നിലയില്‍ അട്ടേരയുടെ ആദ്യത്തെ കിരീട നേട്ടം കൂടിയാണിത്. ആഴ്‌സണലിന്‍റെ മധ്യനിര താരമെന്ന നിലയില്‍ ഇതിന് മുമ്പ് 2014ലും 2015ലും അട്ടേര എഫ്‌എ കപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പരിശീലകനായി അട്ടേര ചുമതല ഏല്‍ക്കുമ്പോള്‍ ആഴ്‌സണല്‍ കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. ആറ് മാസം കൊണ്ട് ടീമിനെ അടിമുടി മാറ്റിയ അട്ടര ക്ലബിന്‍റെ ഷെല്‍ഫില്‍ എഫ്‌എ കപ്പ് എത്തിച്ചാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. കിരീടം സ്വന്തമാക്കിയതോടെ യൂറോപ്പ ലീഗിനുള്ള യോഗ്യതയും ആഴ്‌സണല്‍ സ്വന്തമാക്കി. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് ആഴ്‌സണല്‍ ഫിനിഷ് ചെയ്‌തത്.
നേരത്തെ ക്ലബിന്‍റെ മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് ഈ വര്‍ഷം കരാര്‍ അവസാനിക്കുന്ന പല മുന്‍ നിര താരങ്ങളും ആഴ്‌സണല്‍ വിടാനൊരുങ്ങിയിരുന്നു. എന്നാല്‍ എഫ്‌എ കപ്പ് സ്വന്തമാക്കുകയും യൂറോപ്പ ലീഗ് യോഗ്യത നേടുകയും ചെയ്‌ത പശ്ചാത്തലത്തില്‍ താരങ്ങള്‍ ടീം വിടില്ലെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍. ഏതു കടമ്പയും മറികടക്കാനാകുമെന്ന ആത്മിവശ്വാസം ടീം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ അട്ടേരക്ക് സാധിച്ചു കഴിഞ്ഞു. പോരായ്‌മകള്‍ ഇനിയും പരിഹരിക്കാനുണ്ടെങ്കിലും സീസണില്‍ ഒരു കിരീടം സ്വന്തമാക്കാനായതോടെ ഊര്‍ജം സംഭരിച്ച് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പീരങ്കിപ്പട.