പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് കണ്ടെത്തിയത്. ക്വെസി അപീയ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി മുംബൈയുടെ വല കുലുക്കി. ബോക്‌സിനകത്ത് വെച്ച് മുംബൈ താരം റോളിന്‍ ബോര്‍ജസിന്‍റെ ഹാന്‍ഡ് ബോളാണ് റെഫറി പെനാല്‍ട്ടി വിധിക്കാന്‍ കാരണം. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്ന കാഴ്‌ചകളാണ് പിന്നീട് കണ്ടത്.
മുംബൈക്ക് എതിരെ ഒരു ഗോളിന്‍റെ ജയവുമായി നോര്‍ത്ത് ഈസ്റ്റ് - ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത
പെനാല്‍ട്ടിയിലൂടെ ക്വെസി അപീയ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി വിജയ ഗോള്‍ കണ്ടെത്തി
നേരത്തെ ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിയില്‍ മുംബൈയുടെ അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത് മുംബൈക്ക് തിരിച്ചടിയായി. ഖാസാ കമാറയെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് പോയിന്‍റുകള്‍ സ്വന്തമാക്കി.
കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരെ ഈ മാസം 26നാണ് ലീഗില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ അടുത്ത മത്സരം. മുംബൈ ഈ മാസം 25ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എഫ്‌സി ഗോവയെ നേരിടും.