വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. തിലക് മൈതാന്‍ സ്റ്റേഡിയത്തിലെ ഐഎസ്‌എല്‍ പോരാട്ടത്തില്‍ ജയിച്ചാല്‍ നോര്‍ത്ത് ഈസ്റ്റിന് പ്ലേ ഓഫ് യോഗ്യത നേടാനാകും. സീസണില്‍ ഇരു ടീമുകളുടെയും ലീഗ് തലത്തിലെ അവസാന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇതുവരെ 19 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റിന്‍റെ അക്കൗണ്ടില്‍ ഏഴ് ജയവും ഒമ്പത് സമനിലയും ഉള്‍പ്പെടെ 30 പോയിന്‍റാണുള്ളത്.
നോര്‍ത്ത് ഈസ്റ്റ് ഇന്ന് കൊമ്പന്‍മാര്‍ക്കെതിരെ; ലക്ഷ്യം പ്ലേ ഓഫ് - north east gain play off news
നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാം.
ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്നും 29 ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റ് നേടിയപ്പോള്‍ 25 ഗോളുകൾ വഴങ്ങി. ആക്രമണ ശൈലിയാണ് പരിശീലകന്‍ ഖലീല്‍ ജമീലിന്‍റെ കീഴില്‍ കളിക്കുന്ന നോർത്ത് ഈസ്റ്റ് പുറത്തെടുക്കുന്നത്. ജമീലിന്‍റെ നേതൃത്വത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഇതേവരെ ഒരു തവണ പോലും പരാജയം വഴങ്ങേണ്ടി വന്നിട്ടില്ല. ജെറാര്‍ഡ് ന്യുസിനെ പുറത്താക്കിയ ശേഷമാണ് ഖലീല്‍ ജമീല്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.
മറുഭാഗത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ഐഎസ്‌എല്‍ പോരാട്ടത്തിലെ അവസാന മത്സരം ജയിച്ച് സീസൺ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇടക്കാല പരിശീലകന്‍ ഇഷ്‌ഫാക് അഹമ്മദിന്‍റെ നേതൃത്വത്തില്‍ പുതിയ തന്ത്രങ്ങളുമായാകും ബ്ലാസ്റ്റേഴ്‌സിന്ന് തിലക് മൈതാനത്ത് ഇറങ്ങുക. 19 മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും എട്ട് സമനിലയും ഉള്‍പ്പെടെ 17 പോയിന്‍റുകളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ കൊമ്പന്‍മാരുടെ വല ഇതേവരെ 34 തവണയാണ് ചലിച്ചത്.