ബെര്‍ലിന്‍: പകരക്കാരനായെത്തയ ലൂക്ക് ഡിജോങ് സെവില്ലയുടെ രക്ഷകനായപ്പോള്‍ സീസണില്‍ കിരീടം സ്വന്തമാക്കാമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. യൂറോപ്പ ലീഗിന്‍റെ സെമി ഫൈനലില്‍ സെവില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് യുണൈറ്റഡ് പുറത്ത്. 78ാം മിനിട്ടിലായിരുന്നു ഡിജോങ് സെവില്ലക്കായി വല കുലുക്കിയത്. പ്രതിരോധ താരം ജീസസ് നവാസിന്‍റെ അസിസ്റ്റാണ് ഡച്ച് താരം ഡിജോങ് ഗോളാക്കി മാറ്റിയത്.
ഒമ്പതാം മിനിട്ടില്‍ പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍ട്ടിയിലൂടെ ഗോള്‍ കണ്ടെത്തിയെങ്കിലും യുണൈറ്റഡിന് ലീഡ് നിലനിര്‍ത്താനായില്ല. സമനിലക്കായി സെവില്ലക്ക് അധികനേരം കാത്തുനില്‍ക്കേണ്ടിവന്നില്ല. സ്‌പാനിഷ് താരം സൂസോയിലൂടെ 26ാം മിനിട്ടില്‍ സെവില്ല സമനില ഗോള്‍ സ്വന്തമാക്കി.