പാരീസ്: സ്‌പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയുടെ പാളയത്തില്‍. റയല്‍ മാഡ്രിഡ് വിട്ട 35 വയസുള്ള റാമോസ് ഫ്രീ ഏജന്‍റായാണ് പിഎസ്‌ജിയില്‍ എത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് റാമോസ് ഒപ്പിട്ടത്. 16 വര്‍ഷത്തെ റയല്‍ വാസത്തിന് ശേഷം വികാര നിര്‍ഭരമായാണ് റാമോസ് സാന്‍റിയാഗോ ബെര്‍ണാബ്യുവിനോട് വിട പറഞ്ഞത്.
പ്രീമിയര്‍ ലീഗിലെ രണ്ട് വമ്പന്‍ ക്ലബുകളുടെ ഓഫറുകള്‍ നിരസിച്ചാണ് റാമോസ് പുതിയ തട്ടകത്തിലേക്ക് എത്തുന്നത്. മൗറിഷ്യോ പൊച്ചെറ്റീനോയുടെ കീഴില്‍ വരാനിരിക്കുന്ന സീസണില്‍ പിഎസ്‌ജിയുടെ പ്രതിരോധത്തിന്‍റെ ചുമതല ഇനി റാമോസിനായിരിക്കും. കരാര്‍ തുക എത്രയാണെന്ന് പിഎസ്‌ജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Also Read: വിംബിള്‍ഡണില്‍ ആദ്യ മുന്നേറ്റം; മകനൊപ്പം സന്തോഷം പങ്കുവെച്ച് സാനിയ
ബ്രസീലിയന്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ ചെല്‍സിയിലേക്ക് പോയ ശേഷം ഫ്രഞ്ച് ടീമായ പിഎസ്‌ജി മികച്ച പ്രതിരോധ താരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട് പിഎസ്‌ജി പുറത്ത് പോകുമ്പോള്‍ പ്രതിരോധത്തിലെ പിഴവുകള്‍ നിഴലിച്ച് നിന്നിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പിഎസ്‌ജി പരാജയം വഴങ്ങിയത്.
പിന്നാലെ ഫ്രഞ്ച് ലീഗിലെ കിരീടം നിലനിര്‍ത്തുന്നതിലും അവര്‍ പരാജയപ്പെട്ടു. റാമോസ് തിരിച്ചെത്തുന്നതോടെ പിഎസ്‌ജിയുടെ പ്രതിരോധം കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയിലാണ് പൊച്ചെറ്റീനോ.