റോം: മറഡോണ ഇടങ്കാലുകൊണ്ട് മാന്ത്രികത കാണിച്ച സാന്‍ പോളോ സ്റ്റേഡിയത്തില്‍ വ്യത്യസ്ഥമായ ആദരമൊരുക്കി ഇറ്റാലിയന്‍ കരുത്തരായ നാപ്പോളി. യൂറോപ്പ ലീഗില്‍ വ്യാഴാഴ്‌ച നടന്ന മത്സരത്തില്‍ നാപ്പോളിക്ക് വേണ്ടി ഗോളി ഉള്‍പ്പെടെ 10 നമ്പര്‍ ജേഴ്‌സി ധരിച്ചാണ് ഇറങ്ങിയത്. എല്ലാ ജേഴ്‌സിയിലും മറഡോണയെന്ന പേരും സ്ഥാനം പിടിച്ചു.
1984 മുതല്‍ 1991 വരെ തന്‍റെ സുവര്‍ണ കാലത്ത് മറഡോണ ബൂട്ടണിഞ്ഞത് നാപ്പോളിക്ക് വേണ്ടിയായിരുന്നു. നാപ്പോളിക്ക് വേണ്ടി കളിച്ച കാലത്ത് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലേക്ക് മറഡോണ കുടിയേറിപ്പാര്‍ത്തു. ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ പോലും ആ നാട്ടുകാര്‍ മറഡോണക്കും അര്‍ജന്‍റീനക്കും വേണ്ടി ആരവും മുഴക്കി. ആ അനശ്വരമായ ഓര്‍മകളെ വീണ്ടു കളിക്കളത്തിലെത്തിക്കുകയായിരുന്നു നാപ്പോളി.
മറഡോണയുടെ വിയോഗത്തെ തുടര്‍ന്ന് സാന്‍ പോളോ സ്റ്റേഡിയത്തെ പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങുകയാണ് നാപ്പോളി ക്ലബ് അധികൃതര്‍. സാന്‍ പോളോക്ക് ഒപ്പം ഡിയേഗോ അര്‍മാന്‍ഡോ മറഡോണയെന്ന് കൂടി ചേര്‍ത്ത് വായിക്കാനാണ് ക്ലബ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ക്ലബ് പ്രസിഡന്‍റ് ലോറെന്‍റിസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ നേപ്പിള്‍ നിവാസികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് മറഡോണയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മറഡോണക്ക് ആദരമേകി 2017ല്‍ ഇറ്റാലിയന്‍ പൗരത്വം നല്‍കിയിരുന്നു.