ഐഎസ്‌എല്‍ ഏഴാം സീസണിലെ രണ്ടാം ദിവസമായ ഇന്ന് മുംബൈ സിറ്റി എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത മുംബൈ ഇത്തവണ താരസമ്പന്നമാണ്. ലൊബേരയുടെ അറ്റാക്കിങ് തന്ത്രങ്ങളും മുംബൈക്ക് മുതല്‍കൂട്ടാണ്. സൂപ്പര്‍ താരങ്ങളായ മൊര്‍ട്ടാദ ഫാള്‍, അഹ്മദ് ജാഹു, ഹ്യൂഗോ ബൗമോസ് തുടങ്ങിയവരും ഗോവയില്‍ നിന്ന് പരിശീലകനോടൊപ്പം മുംബൈ നിരയുടെ ഭാഗമായിട്ടുണ്ട്. ഒപ്പം ആദം ലെ പോണ്ടെയെ പോലെ വന്‍ താരങ്ങളും മുംബൈയുടെ പാളയത്തില്‍ എത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സില്‍ നിന്നെത്തിയ കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറര്‍ ബര്‍ത്തോമ്യൂ ഓഗ്ബെച്ചെയും മുംബൈയുടെ മുന്നേറ്റത്തില്‍ പുതിയ കുതിപ്പുണ്ടാക്കും.
അതേസമയം ഏപ്പോഴത്തെയും പോലെ ടീം അഴിച്ചുപണിഞ്ഞാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്‌എല്ലിന് ഇറങ്ങുന്നത്. ജെറാഡ് നസെന്നയാണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റിനെ കളി പഠിപ്പിക്കുന്നത്. ടീമിന്‍റെ മുന്നേറ്റത്തിന് യുറുഗ്വന്‍ താരം ഫെഡറികോ ഗല്ലോഗോ മൂര്‍ച്ചകൂട്ടും. മലയാളികളായ പിഎം ബ്രിട്ടോയും വിപി സുഹൈറും മഷൂര്‍ ഷെരീഫും നോര്‍ത്ത് ഈസ്റ്റിന്‍റെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ 14 തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നോര്‍ത്ത് ഈസ്റ്റ് ജയിച്ച് തുടങ്ങാനാകും ആഗ്രഹിക്കുക. 95 ഐഎസ്‌എല്ലുകളില്‍ നിന്നും 98 ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പേരില്‍ ഇതേവരെയുള്ളത്.
ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് തവണ നോര്‍ത്ത ഈസ്റ്റും ഏഴ് തവണ മുംബൈ സിറ്റിയും ജയം സ്വന്തമാക്കി. രണ്ട് മത്സരം സമനിലയില്‍ കലാശിച്ചു. നോര്‍ത്ത് ഈസ്റ്റ് 12 ഗോളുകളും മുംബൈ സിറ്റി എഫ്‌സി 17 ഗോളുകളും സ്വന്തമാക്കി.