ഹൈദരാബാദ്:ഐഎസ്എല്‍ ആറാം സീസണില്‍ മുംബൈ സിറ്റി എഫ്സിയെ ഹോം ഗ്രൗണ്ടില്‍ നേരിടാനൊരുങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു. ഇന്ന് രാത്രി 7.30-ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പരിശീലകന്‍ കാൾസ് കുദ്രത്തിനും കൂട്ടർക്കും ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. നിലവില്‍ ഏഴ് കളികളില്‍ നിന്നും 13 പോയിന്‍റുമായി ബംഗളൂരു മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ 15 പോയന്‍റുമായി ലീഗില്‍ ഓന്നാമതുള്ള ഗോവയെ 16 പോയന്‍റുമായി മറികടക്കാന്‍ ബംഗളൂരുവിന് സാധിക്കും.
ഐഎസ്എല്‍; മുന്നേറ്റത്തിനൊരുങ്ങി ബംഗളൂരു
ഇന്ന് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ തോല്‍പിച്ചാല്‍ ബംഗളൂരു എഫ്‌സിക്ക് ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം
സീസണില്‍ ഇതേവരെ തോല്‍വിയറിയാതെ ജൈത്രയാത്ര തുടരുന്ന ആതിഥേയർക്ക് മുംബൈയെ തോല്‍പിക്കാനാകുമെന്നാണ് പരിശീലകന്‍ കുദ്രത്തിന്‍റെ പ്രതീക്ഷ. നായകന്‍
സുനില്‍ ഛേത്രിയുടെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിര ഗോൾ നേടാന്‍ മറക്കുന്നത് മാത്രമാണ് ബംഗളൂരുവിനെ വലയ്ക്കുന്നത്. ഏഴ് കളികളില്‍ നിന്നായി ലീഗില്‍ ഏഴ് ഗോൾ മാത്രമാണ് ബംഗളൂരി സ്വന്തമാക്കിയത്. മൂന്ന് ഗോളുമായി സുനില്‍ ഛേത്രി തന്നെയാണ് ഗോൾ വേട്ടയില്‍ മുന്നില്‍.
അതേസമയം ഏഴ് പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള മുംബൈ എഫ്സിക്ക് ഇതേവരെ ലീഗില്‍ ഒരുജയം മാത്രമെ സ്വന്തമാക്കാനായുള്ളൂ. ലീഗിലെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചത് മാത്രമാണ് മുംബൈയുടെ നേട്ടം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ അതേ ബ്ലാസ്‌റ്റേഴ്സിനോട് സമനില വഴങ്ങിയത് പരിശീലകന്‍ ജോർജെ കോസ്‌റ്റക്കും മുംബൈക്കും ക്ഷീണമുണ്ടാക്കുന്നുണ്ട്. പ്രതിരോധ താരം മറ്റൊ ഗ്രിഗിക്ക് മികച്ച പ്രകടനം പുറത്തെടുത്താല്‍ ബംഗളൂരുവിനെ തളക്കാനാകുമെന്ന വിശ്വാസത്തിലാണ് സന്ദർശകർ. മുന്നേറ്റ നിരയില്‍ അമീന്‍ ചെർമിതി മെച്ചപ്പെട്ട ഫോമിലാണെന്നത് കോസ്റ്റക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. നേരത്തെ നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു രണ്ട് തവണ വിജയിച്ചപ്പോൾ ഒരു തവണ മാത്രമാണ് മുംബൈ വിജയിച്ചത്. ഒരു തവണ മത്സരം സമനിലയിലായി.