വാസ്‌കോ:ദുര്‍ബലരായ ഒഡീഷ എഫ്‌സിക്കെതിരെ വിജയിച്ച് ഐഎസ്‌എല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി. മിഡ്‌ഫീല്‍ഡര്‍ മുബഷീര്‍ റഹ്‌മാനിലൂടെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്‌പൂരിന്‍റെ ജയം. ആദ്യ പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് ശേഷിക്കെയാണ് മുബഷീര്‍ ജംഷഡ്‌പൂരിനായി വല കുലുക്കിയത്. ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ടിലൂടെയാണ് മുബഷീര്‍ പന്ത് വലയിലെത്തിയത്.
മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച ജംഷഡ്‌പൂര്‍ 23 ഷോട്ടുകളാണ് ഉതിര്‍ത്തത്. ഇതില്‍ നാല് ഷോട്ട് ലക്ഷ്യത്തിലേക്കെത്തിയെങ്കിലും ഒരു തവണ മാത്രമാണ് ലക്ഷ്യം ഭേദിക്കാനായത്. പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ച ഒഡീഷക്ക് എട്ട് ഷോട്ടുകള്‍ മാത്രമെ തൊടുക്കാനായുള്ളു.