മുന്‍ ഇന്ത്യന്‍ താരവും മോഹന്‍ ബഗാന്‍ കളിക്കാരനുമായ മെഹ്താബ് ഹുസൈന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐ ലീഗില്‍ വ്യാഴാഴ്ച്ച ഇന്ത്യന്‍ ആരോസിനെതിരെ നടക്കുന്ന മത്സരത്തിനു ശേഷം മെഹ്താബ് ബൂട്ടഴിക്കും.
വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്‍ - കേരളാ ബ്ലാസ്റ്റേഴ്‌സ്
14 വർഷക്കാലം ഈസ്റ്റ് ബംഗാളിനായും, മോഹൻ ബഗാനായും കളിച്ച താരത്തിന് ഒരു ഐ–ലീഗ് കിരീടം പോലും നേടാനാകാത്തതിന്‍റെ നിരാശയുമായാണു മെഹ്താബ് കളം വിടുന്നത്.
മധ്യനിര താരമായ മെഹ്താബ് കേരളാ ബ്ലാസ്റ്റേഴ്‌സ്, ജെംഷഡ്പൂർ എഫ്.സി, ഈസ്റ്റ് ബംഗാൾ, തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ഐ ലീഗ് സീസണ്‍ അവസാനിക്കുമ്പോഴാണ് മെഹ്താബ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. "വിരമിക്കാനുള്ള ശരിയായ സമയം ഇതാണ്. പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമെല്ലാം നന്ദി. 1998-ല്‍ കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ ആരംഭിച്ച തന്‍റെ ഫുട്‌ബോള്‍ കരിയര്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തോടെ അവസാനിക്കുകയാണെന്ന് മെഹ്താബ് പറഞ്ഞു".
കരിയറിന്‍റെ തുടക്കത്തില്‍ മോഹന്‍ ബഗാനില്‍ കളിച്ചിരുന്ന താരം പിന്നീട് ഒ.എന്‍.ജി.സി, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചു. ഈസ്റ്റ് ബംഗാളിനായി 10 സീസണുകളിൽ മെഹ്താബ് കളിച്ചിട്ടുണ്ട്. ഐ.എസ്.എല്‍ അവതരിച്ചപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായും താരം കളിച്ചു. രണ്ടുതവണ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ അംഗമായിരുന്നു മെഹ്താബ്. ബ്ലാസ്റ്റേഴ്സിൽ നിന്നും ജെംഷഡ്പൂര്‍ എഫ്.സിയിലേക്ക് ചേക്കേറിയ താരം പിന്നീട് ബോഹന്‍ ബഗാനിലേക്കും മടങ്ങുകയായിരുന്നു.