കൊല്‍ക്കത്ത: മോഹന്‍ബഗാന്‍ ഇന്ത്യന്‍ സൂപ്പർലീഗ് ക്ലബ് എടികെയില്‍ ലയിക്കുന്നു. ഇതിന്‍റെ ഭാഗമായി എടികെ എഫ്‌സിയുടെ ഉടമകളായ ആർപിഎസ്‌ജി മോഹന്‍ബന്‍ ഫുട്ബോൾ ക്ലബ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭൂരിഭാഗം ഷെയറും സ്വന്തമാക്കാനാണ് നീക്കം നടക്കുന്നത്.
മോഹന്‍ബഗാന്‍റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനൊരുങ്ങി ഐഎസ്എല്‍ ക്ലബ് എടികെയുടെ ഉടമയായ ആർപിഎസ്ജി ഗ്രൂപ്പിന്‍റെ നീക്കം. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബോൾ ലോകത്തില്‍ വേരുറപ്പിക്കാനായി ഇരു ടീമുകളും ലയിച്ച് അടുത്ത വർഷം പുതിയ മുഖവുമായി പുറത്തുവരാനാണ് നീക്കം നടക്കുന്നത്. പുതുതായി രൂപീകരിക്കുന്ന ക്ലബിന് എടികെയുടെയും മോഹന്‍ബഗാന്‍റെയും ബ്രാന്‍ഡ് നെയിമുകൾ സ്വന്തമാകും.
മോഹന്‍ബഗാന്‍റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനാണ് ആർപിഎസ്‌ജി ഗ്രൂപ്പിന്‍റെ നീക്കം. രണ്ട് ക്ലബുകളും ലയിക്കുന്നതോടെ 2020 ജൂണ്‍ ഒന്നിന് പുതിയ ക്ലബ് നിലവില്‍ വരുമെന്നാണ് സൂചന. ഈ ക്ലബാകും ഐഎസ്എല്ലിലെ ഏഴാം സീസണിലും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മറ്റ് മത്സരങ്ങളിലും മാറ്റുരക്കുക.
മോഹന്‍ബഗാനെ എടികെയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആര്‍പിഎസ്‌ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു. അതേസമയം മോഹന്‍ ബഗാന്‍ ചെയർമാന്‍ സ്വപന്‍ സദന്‍ ബോസ് വൈകാരികമായാണ് പ്രതികരിച്ചത്. മോഹന്‍ ബഗാന്‍റെ മെറൂണും പച്ചയും നിറഞ്ഞ ജേഴ്‌സിയോട് പ്രത്യേക അടുപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണുമ്പോൾ 130 വർഷത്തെ ക്ലബിന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു പങ്കാളിയെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.