കൊല്‍ക്കത്ത:ഫുട്ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍നിര ക്ലബ് മോഹന്‍ബഗാന്‍ ഇന്ത്യന്‍ സൂപ്പർ ലീഗിലേക്കെന്ന് സൂചന. ലീഗിന്‍റെ ഭാഗമാകാനായി മോഹന്‍ബഗാന്‍ അടുത്ത സീസണില്‍ എടികെയില്‍ ലയിച്ചേക്കും. ലയനം സംബന്ധിച്ച നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മോഹന്‍ ബഗാന്‍റെ മുതിർന്ന ഭാരവാഹി ദേബാശിഷ് ദത്ത പറഞ്ഞു. തീരുമാനമായാല്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലയിക്കാനൊരുങ്ങി മോഹന്‍ബഗാന്‍; ഒന്നും പറയാതെ എടികെ - എടികെ വാർത്ത
കൊല്‍ക്കത്തയിലെ മറ്റൊരു മുന്‍നിര ഫുട്ബോൾ ക്ലബായ ഈസ്‌റ്റ് ബംഗാളും ലയന നീക്കം നടത്തിയിരുന്നതായി എടികെ.
അതേസമയം ലയനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എടികെയുടെ സഹഉടമ ഉത്സവ് പരേഖ് വ്യക്തമാക്കി. ഓരോ മൂന്നുമാസത്തിലും ഇത്തരം അഭ്യൂഹങ്ങൾ കേൾക്കാറുണ്ട്. കഴിഞ്ഞ തവണ എടികെയും ഈസ്റ്റ് ബംഗാളും ഒന്നാകുന്നുവെന്നായിരുന്നു വാർത്ത. ഇക്കാര്യത്തിൽ ഐഎസ്എൽ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്പ്മെന്‍ഡ് ലിമിറ്റഡിന്‍റെതാണ് അവസാന വാക്ക്. എഫ്എസ്‌ഡിഎല്‍ ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്ന് ഉത്സവ് പരേഖ് വ്യക്തമാക്കി. ഇരുഭാഗത്തു നിന്നും കൂടുതല്‍ പ്രതികരണങ്ങൾ ഉണ്ടായില്ലെങ്കിലും ഈ ആഴ്ച്ച അവസാനം ലയനപ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എഫ്എസ്‌ഡിഎല്‍ തയാറായിട്ടില്ല. ഏഷ്യന്‍ ഫുട്ബോൾ കോണ്‍ഫെഡറേഷന്‍റെ ശുപാർശ പ്രകാരം രണ്ട് ഐ ലീഗ് ക്ലബുകൾ ലയനത്തിലൂടെ ഐഎസ്എല്ലിന്‍റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2020-21 സീസണിലാണ് ലയനം നടക്കുക. ഐഎസ്എൽ മുൻനിര ലീഗായതോടെ ഗ്ലാമർ നഷ്ടപ്പെട്ട ഐ ലീഗിൽനിന്നു മോചനം തേടിയാണ് മോഹൻ ബഗാന്‍റെ ലയനനീക്കം.