കൊല്‍ക്കത്ത: കളിക്കാർക്ക് വേതനം നല്‍കുന്നതില്‍ വീഴ്‌ചരുത്തിയ മോഹന്‍ ബഗാന് പിഴ ശിക്ഷ വിധിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍. ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബോൾ ക്ലബുകളില്‍ ഒന്നാണ് മോഹന്‍ ബഗാന്. മൂന്ന് ലക്ഷം രൂപ പിഴയായി നല്‍കണമെന്നാണ് ഫെഡറേഷന്‍റെ അച്ചടക്ക സമിതി വിധിച്ചിരിക്കുന്നത്. പിഴ തുക 15 ദിവസത്തിനുള്ളില്‍ അടച്ച് തീർക്കണം. കൂടാതെ കളിക്കാർക്ക് നല്‍കാനുള്ള കുടിശിക തുക 30 ദിവസത്തിനകം നല്‍കാനും സമിതി നിർദേശിച്ചു.
നിലവില്‍ ഐ ലീഗില്‍ മാറ്റുരക്കുന്ന മോഹന്‍ബഗാന്‍ മുന്‍ താരങ്ങളായ രാജു ഗെയ്‌ക്വാദിന് 11 ലക്ഷം രൂപയും ഡാരന്‍ കാൾഡെയറിന് 8.70 ലക്ഷം രൂപയും വീതമാണ് നല്‍കാനുള്ളത്. ഇരുവരും നിലവില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ മധ്യനിര താരങ്ങളാണ്.