ആന്ദ്രേ പിർലോ.... ഇറ്റലി ലോക ഫുട്‌ബോളിന് സമ്മാനിച്ച മാന്ത്രികൻ. മധ്യനിരയില്‍ കളി മെനഞ്ഞ് മുന്നേറ്റതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്ന മായാജാലക്കാരൻ. നീട്ടിവളർത്തിയ തലമുടിയുമായി പിർലോ കളം നിറഞ്ഞപ്പോൾ എസി മിലാൻ രണ്ട് തവണയാണ് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയത്. 2006ല്‍ ഇറ്റലി ലോകകപ്പില്‍ മുത്തമിടുമ്പോൾ മിഡ്‌ഫീല്‍ഡ് ജനറലായി പിർലോയുണ്ടായിരുന്നു. ആ ലോകകപ്പില്‍ ഏറ്റവുമധികം ഗോളവസരങ്ങൾ സൃഷ്‌ടിച്ചതും ആന്ദ്രേ പിർലോ ആയിരുന്നു. ഇപ്പോഴിതാ അതേ പിർലോ പരിശീലകനാകുന്നു. ഇതുവരെ ഒരു പ്രമുഖ ടീമിനെ പോലും പരിശീലിപ്പിക്കാത്ത പിർലോയെ രക്ഷകനായി കാണുന്നത് ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസാണ്.
"ശരിയാണ് ഞങ്ങളുടെ ചില തീരുമാനങ്ങൾ അങ്ങനെയാണെന്നാണ് യുവന്‍റസ് മാനേജ്മെന്‍റ് പിർലോയുടെ നിയമനത്തെ കുറിച്ച് പറഞ്ഞത്". ചാമ്പ്യൻസ് ലീഗില്‍ നിന്ന് യുവന്‍റസ് പുറത്തായി മണക്കൂറുകൾക്ക് അകം പരിശീലകൻ മൗറിസിയോ സാറിയെ പുറത്താക്കിയാണ് പിർലോയ്ക്ക് പുതിയ ചുമതല നല്‍കിയത്. യുവന്‍റസിനെ സീരി എ ചാമ്പ്യൻമാരാക്കിയതൊന്നും സാറിക്ക് അനുകൂല ഘടകമായില്ല.
പിർലോ വരുമ്പോൾ യുവന്‍റസിലും കൗതുകങ്ങളുണ്ട്. ഇറ്റലിയുടെയും യുവന്‍റസിന്‍റെയും എക്കാലത്തെയും മികച്ച ഗോൾകീപ്പർ ജിയോ ബഫൺ, ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം പിർലോയുടെ ശിഷ്യൻമാരാകേണ്ടി വരും. പിർലോ യുവന്‍റസിലും ഇറ്റാലിയൻ ടീമിലും കളിച്ചിരുന്ന കാലത്ത് ബഫൺ സഹതാരമായിരുന്നു. ഒന്നിച്ച് കളിച്ചിരുന്നവർ ഇനി താരമായും പരിശീലകനായും ഒരേ ടീമില്‍ കളിക്കുന്നതിനും ലോക ഫുട്‌ബോൾ സാക്ഷിയാകും. 43കാരനായ ബഫണിന് പിർലോയേക്കാൾ ഒരുവയസ് കൂടുതലുമാണ്.
1995-96 സീസണിലാണ് യുവന്‍റസ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്. അതിന് ശേഷം 2015ല്‍ ഫൈനലില്‍ എത്തിയെങ്കിലും ബാഴ്‌സലോണയോട് പരാജയപ്പെട്ടു. യുവന്‍റസിന് വേണ്ടിയുള്ള പിര്‍ലോയുടെ അവസാന മത്സരവും അതായിരുന്നു. യുവന്‍റസിന്‍റെ നാല് സീരി എ കിരീട വിജയത്തില്‍ പങ്കാളിയായ പിര്‍ലോ 2017ലാണ് ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്. റയല്‍ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ, മുൻ ടോട്ടനം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ എന്നിവരെ പരിഗണിച്ച ശേഷമാണ് ആന്ദ്രേ പിർലോയെ യുവന്‍റസ് പരിശീലകനായി നിയമിക്കുന്നത്. യുവന്‍റസിന്‍റെ അണ്ടർ 23 ടീമിന്‍റെ പരിശീലകനായി ഒൻപത് ദിവസം മുൻപ് മാത്രമാണ് പിർലോയെ നിയമിച്ചത്. അവിടെ നിന്നാണ് അതിവേഗത്തില്‍ യുവെയുടെ സീനിയർ ടീമിലേക്ക് പിർലോ വരുന്നത്. മധ്യനിരയില്‍ സാവധാനം കളി മെനയുന്ന പോലെ യുവന്‍റസിനെ വിജയങ്ങളിലേക്ക് നയിക്കാൻ പിർലോയ്ക്ക് കഴിയുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.