സെവിയ്യ: ലയണല്‍ മെസി ബാഴ്‌സ വിടുമോ ഇല്ലയോ എന്ന ചർച്ചകൾ ഇനിയും തുടരും. പക്ഷേ 33-ാം വയസിലും തന്‍റെ പ്രതിഭയ്ക്കും ഗോൾദാഹത്തിനും മങ്ങലേറ്റിട്ടില്ല എന്ന് അർജന്‍റീനൻ ഇതിഹാസം അടിവരയിട്ടു പറയും. ലോക ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സ യുഗം അവസാനിച്ചു എന്ന് പറയുന്നവർക്ക് മുന്നില്‍ ഇന്നലെ സ്പാനിഷ് കപ്പ് (കോപ ഡെൽ റേ കപ്പ്) ഉയർത്തി ലയണല്‍ മെസി നിന്നപ്പോൾ അത് ഫുട്‌ബോളിനെ സ്നേഹിക്കുന്നവർക്കും ബാഴ്‌സയ്ക്കും പരിശീലകൻ റൊണാൾഡ് കോമാനും അഭിമാന നിമിഷം.
ഇല്ല, മെസി ബാഴ്‌സ വിടില്ലെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു, കാരണം അയാൾ ഇന്ന് ബാഴ്‌സയ്ക്ക് വേണ്ടി പുറത്തെടുത്ത കളി അങ്ങനെയായിരുന്നു. സ്പാനിഷ് കിംഗ്‌സ് കപ്പ് ഫുട്‌ബോൾ ഫൈനലില്‍ (കോപ ഡെൽ റേ കപ്പ്) അത്‌ലറ്റിക് ബിൽബാവോയെ നേരിടാൻ ഇറങ്ങുമ്പോൾ കിരീട വിജയത്തില്‍ കുറഞ്ഞൊന്നും ബാഴ്‌സ ആരാധകരും ടീം മാനേജ്‌മെന്‍റും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ബാഴ്‌സ സൂപ്പർ താരങ്ങളുമായി എത്തിയെങ്കിലും പക്ഷേ ആദ്യ പകുതി ഗോൾ രഹിതം. പക്ഷേ അങ്ങനെ വിട്ടൊഴിയാൻ മെസിയും സംഘവും തയ്യാറായിരുന്നില്ല. അവർക്ക് ഒന്നും തെളിയിക്കാനല്ല, പക്ഷേ കിരീടം എന്നത് കിട്ടാക്കനിയാകുന്നു എന്ന വാദങ്ങൾക്ക് മറുപടി പറയേണ്ടിയിരുന്നു. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായി.