ലണ്ടന്‍:ലിവര്‍പൂളിന്‍റെ പ്രതിരോധത്തില്‍ വീണ്ടും വിള്ളല്‍ വീണു. ചെമ്പടയിലെ ജര്‍മന്‍ പ്രതിരോധ താരം ജോയല്‍ മാറ്റിപ്പാണ് അവസാനമായി പരിക്കേറ്റ് പുറത്തായത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിനിടെ പരിക്കറ്റ മാറ്റിപ്പിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ആഴ്‌ച പുറത്തിരിക്കേണ്ടിവരും. നിലവില്‍ ചെമ്പടയുെട പ്രതിരോധംകാക്കാന്‍ സീനിയര്‍ താരങ്ങള്‍ ആരുമില്ല. വെര്‍ജില്‍ വാന്‍ഡിക്ക്, ജോ ഗോമസ് തുടങ്ങിയവര്‍ക്ക് പരിക്ക് കാരണം ഈ സീസണ്‍ മുഴുവന്‍ നഷ്‌ടമാകും.
പരിക്കേറ്റതിനെ തുടര്‍ന്ന് മാറ്റിപ്പിന് പകരം കൗമാര താരം റൈസ് വില്യംസിനെ കളത്തിലിറക്കിയാണ് വെസ്റ്റ് ബ്രോമിനെതിരെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരം യുര്‍ഗന്‍ ക്ലോപ്പ് പൂര്‍ത്തിയാക്കിയത്. 23 വയസുള്ള നാറ്റ് ഫിലിപ്പാണ് പ്രതിരോധത്തില്‍ ക്ലോപ്പിന് പ്രയോഗിക്കാവുന്ന മറ്റൊരു സാധ്യത. ജനുവരി 17ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരിടുമ്പോള്‍ പ്രതിരോധത്തിലെ പ്രതിസന്ധികള്‍ ലിവര്‍പൂളിന് വെല്ലുവിളിയാകും. ആസ്റ്റണ്‍ വില്ലക്ക് എതിരായ എഫ്‌എ കപ്പിന്‍റെ മൂന്നാം റൗണ്ട് പോരാട്ടവും ലിവര്‍പൂളിനെ കാത്തിരിക്കുന്നുണ്ട്.