ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ കുടുംബ ഡോക്‌ടര്‍ അടക്കം ഏഴ് പേര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും. അവസാന കാലത്ത് മറഡോണക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മറഡോണയുടെ കുടുംബ ഡോക്‌ടര്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് നടപടി. ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാര്‍ട്ടിസ്റ്റ് അഗസ്റ്റിനാ കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് രാജ്യം വിടാനാവില്ല. ഈ മാസം അവസാനത്തോടെ ഏഴുപേരെയും വിചാരണക്ക് വിധേയരാക്കുമെന്നാണ് സൂചന.
കുറ്റം തെളിഞ്ഞാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. മറഡോണ മരിക്കുമെന്ന് അറിഞ്ഞിട്ടും വേണ്ട ചികിത്സ നല്‍കാന്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാന കാലത്ത് മറഡോണ ലഹരിക്ക് അടിമയായിരുന്നതായുള്ള തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. മദ്യവും സൈക്യാട്രിക് മെഡിസിനും കഞ്ചാവും അവസാന കാലത്ത് മറഡോണ ഉപയോഗിച്ചതായാണ് സൂചന.
മറഡോണയുെട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞ് നീങ്ങിയതോടെ 'ജസ്റ്റിസ് ഫോര്‍ ഡീഗോ, അദ്ദേഹം മരിച്ചതല്ല കൊല്ലപ്പെട്ടതാണ്' കാമ്പെയിന്‍ അര്‍ജന്‍റീനയില്‍ ശക്തമായി. കാമ്പയിന്‍റെ ഭാഗമായി ബന്ധുക്കളും ആരാധകരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലേക്കിറങ്ങി. ബ്യൂണസ് ഐറിസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മക്കളും മുന്‍ ഭാര്യയും ഉള്‍പ്പെടുന്ന സംഘം മാര്‍ച്ച് നടത്തി. മരണം നടന്നിട്ട് നാല് മാസമായിട്ടും അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് കാമ്പെയിന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.