പനാജി: ഒഡീഷ എഫ്‌സിയുടെ വല നിറച്ച് എടികെ മോഹന്‍ബഗാന്‍. ബിംബോളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അന്‍റോണിയോ ലോപ്പസിന്‍റെ ശിഷ്യന്‍മാര്‍ ജയിച്ചത്. മന്‍വീര്‍ സിങ്ങും(11, 54) റോയ് കൃഷ്‌ണയും(83, 86) എടികെക്ക് വേണ്ടി ഇരട്ട ഗോളടിച്ച മത്സരത്തില്‍ ഒഡിഷക്ക് വേണ്ടി അലക്‌സാണ്ടര്‍(45+1) ആശ്വാസ ഗോള്‍ നേടി.
ഡബിളടിച്ച് മന്‍വീറും റോയ് കൃഷ്‌ണയും; എടികെ കുതിപ്പ് തുടരുന്നു - roy krishna with double news
ഇടക്കാല പരിശീലകന്‍ ജെറാര്‍ഡ് പിറ്റണിന്‍റെ നേതൃത്വത്തില്‍ ആശ്വാസ ജയം തേടി ഇറങ്ങിയ ഒഡീഷ എഫസിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എടികെ മോഹന്‍ബഗാന്‍ പരാജയപ്പെടുത്തിയത്
ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞ ആദ്യപകുതിക്ക് ശേഷമാണ് അന്‍റോണിയോ ലോപ്പസിന്‍റെ ശിഷ്യന്‍മാര്‍ ഒഡീഷ എഫ്‌സിയെ തറപറ്റിച്ചത്. 11-ാം മിനിട്ടില്‍ റോയ് കൃഷ്‌ണയുടെ അസിസ്റ്റില്‍ മന്‍വീര്‍ സിങ്ങാണ് എടികെക്ക് വേണ്ടി ആദ്യം വല ചലിപ്പിച്ചത്. പിന്നാലെ ആദ്യപകുതിയുടെ അധികസമയത്ത് അലക്‌സാണ്ടര്‍ സമനില പിടിച്ചു.
54-ാം മിനിട്ടില്‍ മന്‍വീര്‍ സിങ് എടികെക്ക് വേണ്ടി ലീഡ് പിടിച്ചു. പിന്നാലെ ഇരട്ട ഗോളുമായി ഫിജിയന്‍ താരം റോയ് കൃഷ്‌ണയും തിളങ്ങി. സൂപ്പര്‍ ലീഗിന്‍റെ ഈ സീസണില്‍ ഒമ്പതാം ജയം സ്വന്തമാക്കിയ എടികെ 30 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയുമായുള്ള വ്യത്യാസം എടികെ മൂന്നായി കുറച്ചു. മന്‍വീര്‍ സിങ്ങിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.