ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. ഹഡേഴ്സ്ഫീൽഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സലായുടെയും-സാഡിയോ മാനെയുടെയും ഇരട്ട ഗോളുകളാണ് ചെമ്പടക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനും ലിവർപൂളിനായി.
ഹഡേഴ്സ്ഫീൽഡിനെ തകർത്ത് ലിവർപൂൾ ഒന്നാമത് - മുഹമ്മദ് സലാ
ജയത്തോടെ 91 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി.
കളിയുടെ 15-ാം സെക്കന്‍റിൽ ലിവർപൂളിന്‍റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോൾ നേടി നാബി കെയിറ്റ ചെമ്പടയെ മുന്നിലെത്തിച്ചു. പിന്നീട് 24-ാം മിനിറ്റിൽ മാനെയും 45-ാം മിനിറ്റിൽ സലായും ഗോൾ നേടി. ലിവർപൂൾ ആദ്യപകുതി മൂന്ന് ഗോളിന്‍റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും ഹഡേഴ്സ്ഫീൽഡിന് പിടിച്ചു നിൽക്കാനായില്ല. 66-ാം മിനിറ്റിൽ മാനെയും 83-ാം മിനിറ്റിൽ സലായും ലിവർപൂളിന് വേണ്ടി ഗോളുകള്‍ നേടി. ഇരട്ട ഗോൾ നേട്ടത്തോടെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് മത്സരത്തിൽ ഒന്നാമതെത്താനും സലാക്കായി. ജയത്തോടെ 91 പോയിന്‍റുമായി ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ സിറ്റി 89 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങൾ ശേഷിക്കേ പ്രീമിയര്‍ ലീഗ് കിരീടപോരാട്ടം കടുത്തു.