ലണ്ടന്‍: യൂറോപ്പ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ചുവന്ന ചെകുത്താന്‍മാരുടെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഡച്ച് ക്ലബ് അല്‍ക്ക്‌മാറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍പിച്ചത്. ഇരട്ട ഗോള്‍ നേടിയ മെയ്‌സണ്‍ ഗ്രീന്‍വുഡ് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു.
ഗോള്‍ വേട്ട തുടര്‍ന്ന് യുണൈറ്റഡ്; അല്‍ക്ക്മാറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു - യാറോപ്പ ലീഗ്
ഇരട്ട ഗോള്‍ നേടിയ മെയ്‌സണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന്‍റെ വിജയശില്‍പിയായി
ബോള്‍ പൊസിഷനില്‍ യുണൈറ്റഡിനേക്കാള്‍ ഒരു പടി മുന്നിലായിരുന്നെങ്കിലും ഗോളടിക്കാന്‍ കഴിയാതെപോയതാണ് ഡച്ച് പടയ്‌ക്ക് തിരിച്ചടിയായത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും വീറോടെ പോരാടിയപ്പോള്‍ മത്സരത്തില്‍ നിന്ന് ഗോള്‍ അകന്നു നിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ വീര്യത്തോടെ കളിച്ച യുണൈറ്റഡ് തുടരെ ഗോളുകള്‍ അടിച്ചുകൂട്ടി. പത്ത് മിനിറ്റിനിടെയാണ് സോള്‍ഷ്യാറിന്‍റെ പട നാല് ഗോളുകള്‍ അല്‍ക്ക്‌മാറിന്‍റെ വലയിലാക്കിയത്. അമ്പത്തിമൂന്നാം മിനിറ്റില്‍ ആഷ്‌ലി യങ്ങാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം മെയ്‌സണ്‍ ഗ്രീന്‍വുഡ് ടീമിനായി രണ്ടാം ഗോള്‍ നേടി. അറുപത്തി രാണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാറ്റ പാഴാക്കിയില്ല.
യുണൈറ്റഡ് മൂന്ന് ഗോളിന് മുന്നില്‍. അറുപത്തിനാലാം മിനിറ്റില്‍ ഗ്രീന്‍വുഡ് രണ്ടാമതും എതിരാളികളുടെ വലകുലുക്കിയതോടെ യുണൈറ്റഡിന്‍റെ ഗോള്‍ വേട്ട അവസാനിച്ചു. ഗ്രൂപ്പ് എല്ലില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറില്‍ നാല് കളികള്‍ ജയിച്ച് 13 പോയിന്‍റുകള്‍ സ്വന്തമാക്കിയ യുണൈറ്റഡിന് പിന്നിലുള്ളത് അല്‍ക്ക്‌മാര്‍. ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്‍റാണ് ഡച്ച് പടയുടെ സമ്പാദ്യം.