ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന ആറ് താരങ്ങളെ വിൽക്കാനൊരുങ്ങുന്നു. പുതിയ പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ സ്ഥിരം പരിശീലകനായി ചുമതലയേറ്റ സാഹചര്യത്തിൽ സമ്മർ ട്രാൻസ്ഫറിൽ പുത്തൻ താരങ്ങളെ ടീമിലെത്തിച്ച് ടീം ഉടച്ചുവാർക്കാനാണ് പരിശീലകന്‍റെ ശ്രമം.
ടീം വിടാനൊരുങ്ങുന്ന പ്രധാന താരങ്ങൾ
2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണലിൽ നിന്നും ടീമിലെത്തിയ ചിലിയൻ സൂപ്പർ താരം അലക്സിസ് സാഞ്ചസാണ് യുണൈറ്റഡ് ഒഴിവാക്കാൻ പോകുന്നവരിൽ പ്രധാനി. ഹെൻറിക് മിഖിതരിയാനെ ആഴ്സണലിന് കൈമാറി ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിയ താരത്തിന് ഇതുവരെ ഫോമിലെത്താനോ പഴയ പ്രതാപത്തിലെത്താനോ സാധിക്കാത്തതാണ് സാഞ്ചസിനെ കൈവിടാൻ കാരണം.
2014 ൽ ചെൽസിയിൽ നിന്നെത്തിയ സ്പാനിഷ് താരം യുവാൻ മാട്ടയാണ് ടീം വിടാനൊരുങ്ങുന്ന മറ്റൊരു താരം. പ്രായമായി വരുന്ന താരത്തിനെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്‍റെ ശ്രമം. സ്പാനിഷ് ടീമുകളായ ബാഴ്സലോണ, വലൻസിയ തുടങ്ങിവർ 30 കടന്ന താരത്തിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബാഴ്സലോണയുമായി മാട്ട ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ സീസണിലെ യുണൈറ്റഡ് മധ്യനിരയിലെ പ്രധാനിയാണ് അൻഡെർ ഹെരേര. നന്നായി കളിക്കുന്ന താരത്തെ ടീമിന് കൈവിടാൻ താത്പര്യമില്ലെങ്കിലും ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി താരവുമായി കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഹെരേര ടീം വിട്ടാൽ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ സോൾ നിഗുവെസിനെ ടീമിലെത്തിക്കുകയാകും സോൾഷ്യറിന്‍റെ ലക്ഷ്യം.
യുണൈറ്റഡിന്‍റെ റൈറ്റ് ബാക്ക് അന്‍റോണിയോ വലൻസിയയുടെ കരാർ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ് താരം. സീസൺ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്നവലൻസിയക്ക് ക്ലബ്ബ് പുതിയ കരാർ നൽകിയിട്ടില്ല. പരിക്ക് അലട്ടുന്ന താരം മാസങ്ങളായി ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ്. വലൻസിയക്ക് പകരം ക്രിസ്റ്റൽ പാലസ് താരം വാൻ ബിക്കാസയെ ടീമിലെത്തിക്കാനുള്ള ശ്രമം ക്ലബ്ബ് ആരംഭിച്ചു.
പ്രതിരോധ നിര അഴിച്ചുപണിയാൻ തയ്യാറായി നിൽക്കുന്ന സോൾഷ്യറിന് അർജന്‍റീനിയൻ പ്രതിരോധ താരം മാർക്കോസ് റോഹോയെ ടീമിൽ നിലനിർത്താൻ പ്ലാനില്ല. പുതിയ രണ്ട് സെന്‍റർ ബാക്കുകളെ ടീമിലെത്തിക്കുന്നതോടെ ബാധ്യതയാകുന്ന റോഹോയെ ഒഴിവാക്കുക തന്നെയാണ് ടീമിന്‍റെ ലക്ഷ്യം. നിലവിൽ അർജന്‍റീനയിലെ ക്ലബ്ബായ എസ്റ്റുഡിയാൻറ്റെസിനോടൊപ്പം താരം പരിശീലനം നടത്തുന്നതും ഇതിന് തെളിവാണ്.
ടീമിലെ മറ്റൊരു പ്രതിരോധ താരമായ ഡാർമിയാന് അവസരങ്ങൾ നഷ്ടപ്പെട്ട് തുടങ്ങിയിട്ട് മാസങ്ങളായി. ടീമിൽ പുതിയതായി എത്തിയ ഡീഗോ ഡലോട്ടിനെയാണ് പരിശീലകന് താത്പര്യം. റൈറ്റ് ബാക്കായ താരം ഇറ്റലിയിലേക്ക് മടങ്ങുമെന്നാണ് സൂചന.