ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്‌ബക്ക് കൊവിഡ് 19. താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണ്‍ പരിശീലന പരിപാടികളില്‍ നിന്നും പോഗ്‌ബയെ മാറ്റി. 89 മില്യണ്‍ പൗണ്ടിനാണ് പോഗ്‌ബെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്.
27 വയസുള്ള താരത്തെ വരാനിരിക്കുന്ന സീസണിലെ മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റി. ഫ്രാന്‍സിന് ലോകകപ്പ് സ്വന്തമാക്കി കൊടുത്ത ടീമിലും പോഗ്‌ബ അംഗമായിരുന്നു.
പോള്‍ പോഗ്‌ബെ ലോകകപ്പുമായി (ഫയല്‍ ചിത്രം). ഇന്നലെ നടത്തിയ പരിശോധനയിലാണ് പോഗ്‌ബക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ താരം 14 ദിവസത്തേക്ക് സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുമെന്നാണ് സൂചന. പോഗ്‌ബയുടെ ഭാര്യ മരിയ സുലെ സാലൂസ് ഗര്‍ഭിണിയാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. പോഗ്‌ബയും ഭാര്യയും കഴിഞ്ഞ ദിവസം ലണ്ടനിലെ റസ്‌റ്റോറന്‍റില്‍ എത്തിയത് വാര്‍ത്തയായിരുന്നു. സെപ്‌റ്റംബര്‍ പകുതിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത സീസണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പോഗ്‌ബക്ക് കൊവിഡ് സ്ഥിരീകരിച്ചത് യുണൈറ്റഡിന് തിരിച്ചടിയാകും.
യുണൈറ്റഡ് നായകന്‍ ഹാരി മഗ്വയര്‍ അടിപിടിക്കേസില്‍ കഴിഞ്ഞ ദിവസം ഗ്രീസിൽ അറസ്റ്റിലായതും വാര്‍ത്തയായിരുന്നു. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറിൽ നടന്ന അടിപിടിയെ തുടര്‍ന്നായിരുന്നു താരത്തിന്‍റെ അറസ്റ്റ്. യുണൈറ്റഡിന്‍റെ സെന്‍റര്‍ ബാക്കാണ് ഇംഗ്ലീഷ് താരം മഗ്വയര്‍.