മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ലിവർപൂളിനെ മറികടന്ന് ഒന്നാമതെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.
മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് ജയം
ജയത്തോടെ കിരീട പോരാട്ടത്തിൽ ലിവർപൂളിനെ മറികടന്ന് ഒന്നാമതെത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായി. ലീഗിൽ മൂന്ന് വീതം കളികൾ ബാക്കി നിൽക്കുമ്പോൾ 35 കളിയിൽ നിന്നും 89 പോയിന്‍റുമായി സിറ്റി ഒന്നാമതും 88 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുമാണ്.
കഴിഞ്ഞ കളികളിൽ ഏറ്റ പരാജയങ്ങൾക്ക് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ യുണൈറ്റഡിന് പക്ഷേ മികവ് കാട്ടാനായില്ല. ആദ്യപകുതിയിൽ പന്തടക്കിവെച്ച സിറ്റിയെ പരീക്ഷിക്കാൻ സോൾഷ്യറിന്‍റെ യുണൈറ്റഡിനായില്ല. എങ്കിലും ആദ്യപകുതി ഗോൾ രഹിതമാക്കി അവസാനിപ്പിക്കാൻ ചെമ്പടക്കായി. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് കളമൊരുക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും സിറ്റി അതിനുള്ള അവസരം കൊടുത്തില്ല. രണ്ടാംപകുതിയുടെ 54-ാം മിനിറ്റിൽ തന്നെ ബെർണാഡോ സിൽവയിലൂടെ സിറ്റി മുന്നിലെത്തി. ആദ്യ ഗോൾ വീണെങ്കിലും ഉണർന്നുകളിക്കാൻ യുണൈറ്റഡിന് സാധിച്ചില്ല. അതിന്‍റെ ഫലമായി 66-ാം മിനിറ്റിൽ ലെറോയ് സാനെയിലൂടെ സിറ്റി രണ്ടാം ഗോളും നേടി. പാസിങിലും പന്തടക്കത്തിലും കൃത്യതയില്ലാതെ വിഷമിച്ച യുണൈറ്റഡിനെതിരെ രണ്ട് ഗോൾ മതിയാരുന്നു സിറ്റിക്ക് ജയിക്കാൻ.
ഒലെ ഗണ്ണർ സോൾഷ്യറിന്‍റെ കീഴിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിരുന്ന യുണൈറ്റഡ് ഇപ്പോൾ മുൻതാരങ്ങളുൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. പരിശീലകനല്ല കളിക്കാരുടെ മനോഭാവത്തിനെതിരെയാണ് വിമർശകർ കൈ ചൂണ്ടുന്നത്. പോൾ പോഗ്ബ, മാർക്കസ് റഷ്ഫോഡ്, ഡേവിഡ് ഡിഹെയ, റെമേലു ലുക്കാക്കു എന്നീ ലോകോത്തര താരങ്ങൾ ടീമിലുണ്ടെങ്കിലും ആർക്കും മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കാൻ സാധിക്കാത്തതാണ് യുണൈറ്റഡിന്‍റെ തലവേദന. അടുത്ത സീസണിൽ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിച്ചില്ലെങ്കിൽ പോഗ്ബ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടാൻ ഒരുങ്ങി നിൽക്കുകയാണ്.