ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തിന് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നു. രാത്രി 12.45ന് നടക്കുന്ന എവേ മത്സരത്തില്‍ വോള്‍വ്‌സാണ് സിറ്റിയുടെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാമതായാണ് സിറ്റി ഫിനിഷ് ചെയ്‌തത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.
തുടര്‍ ജയവുമായി ചെമ്പട
ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെല്‍സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ തകര്‍ത്തു. വിങ്ങര്‍ സാദിയോ മാനയുടെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ചെമ്പടയുടെ ജയം. രണ്ടാം പകുതിയിലാണ് മാനെയുടെ രണ്ട് ഗോളും പിറന്നത്. 50ാം മിനിട്ടില്‍ മുഹമ്മദ് സാലയും ഫിര്‍മിഞ്ഞോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് മാനെ ഗോളാക്കി മാറ്റിയത്. ഫിര്‍മിനോയുടെ അസിസ്റ്റ് ഹെഡറിലൂടെ മാനെ ഗോളാക്കി മാറ്റി.
54ാം മിനിട്ടില്‍ ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ കെപയുടെ പിഴവിലൂടെയാണ് മാനെയുടെ രണ്ടാമതും വല കുലുക്കിയത്. ബോക്‌സില്‍ നിന്നും പന്ത് പാസ് ചെയ്യുന്നതിനിടെ മാനെ പന്ത് തട്ടി എടുക്കുകയായിരുന്നു. പിന്നീട് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയെ മാനെക്ക് വേണ്ടി വന്നുള്ളൂ. ബയേണ്‍ മ്യൂണിക്കില്‍ നിന്നും ആന്‍ഫീഡിലെത്തിയ തിയാഗോയും ലിവര്‍പൂളിനായി മത്സരത്തില്‍ അരങ്ങേറി.
ആദ്യ പകുതിയിലെ അധിക സമയത്ത് ചെല്‍സിയുടെ ആന്ദ്രെ ക്രിസ്റ്റെന്‍സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്ത് പേരുമായാണ് നീലപ്പട മത്സരം പൂര്‍ത്തിയാക്കിയത്.