കേരളം

kerala

ഇന്ത്യൻ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റിയെ ഏറ്റെടുക്കാനാണ് സിറ്റി ഗ്രൂപ്പിന്‍റെ ശ്രമം. പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്.

By

Published : Mar 5, 2019, 6:02 PM IST

Published : Mar 5, 2019, 6:02 PM IST

സിറ്റി ഗ്രൂപ്പ്

ഇന്ത്യൻ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഏഷ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സിറ്റി ഗ്രൂപ്പ് ഇന്ത്യന്‍ ക്ലബ്ബിനെ നോട്ടമിടുന്നത്. നിലവിൽ ഏഴ് ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ സിറ്റി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ഏഷ്യയിലും സ്വാധീനം ഉറപ്പിക്കാനാണ് തങ്ങളുടെശ്രമമമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഫെറാന്‍ സോറിയാനോ അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി, സ്പാനിഷ് ക്ലബ്ബ് ജിറോണ, ജാപ്പനീസ് ക്ലബ്ബ് യോക്കഹോമ എഫ് മറിനോസ്, മെല്‍ബണ്‍ സിറ്റി എന്നിവയാണ് സിറ്റിയുടെ മറ്റ് പ്രധാന ക്ലബ്ബുകള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ക്ലബ്ബ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും സിറ്റി അന്തിമ തീരുമാനമെടുക്കും. ഫുട്‌ബോള്‍ വളര്‍ച്ചയും ആരാധകരും ഏറെയുള്ള ചൈനയിലും, ഇന്ത്യയിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. രണ്ട് വര്‍ഷമായി ഇന്ത്യയില്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ക്ലബ്ബ് ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചൈനയില്‍ അടുത്തിടെ മൂന്നാം ലീഗ് ക്ലബ്ബിനെ സിറ്റി ഏറ്റെടുത്തിരുന്നു. ഈ രീതിയില്‍ പുതിയ ക്ലബ്ബുകള്‍ ഏറ്റെടുക്കാനാണ് നീക്കം. മൂന്ന് ക്ലബ്ബുകള്‍ കൂടി സിറ്റി ഏറ്റെടുക്കുമെന്നും സോറിയാനോ പറഞ്ഞു.

ഐഎസ്എൽ ക്ലബ്ബ് മുംബൈ സിറ്റിയെ ഏറ്റെടുക്കാനാണ് സിറ്റി ഗ്രൂപ്പിന്‍റെ ശ്രമം. മുംബൈ ഉടമകളുമായി പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. നിലവില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ അടക്കമുള്ളവരാണ് മുംബൈ സിറ്റിയുടെ ഉടമകള്‍. ഇവരില്‍ നിന്ന് നല്ലൊരു ശതമാനം ഓഹരി സ്വന്തമാക്കാനായിരിക്കും സിറ്റിയുടെ ശ്രമം. ഐഎസ്എല്ലില്‍ ഈ സീസണില്‍ മുംബൈ പ്ലേ ഓഫില്‍ കടന്നിട്ടുള്ളതും ഏറ്റെടുക്കലിന് സഹായകമായേക്കും.

ABOUT THE AUTHOR

...view details