മാഞ്ചസ്റ്റർ: 2020-21 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റിയുടെ നീലപ്പട. ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡില്‍ ലെസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കിയത്. എന്നാല്‍ യുണൈറ്റഡിന്‍റെ തോല്‍വിയോടെ സിറ്റി കിരീടമുറപ്പിക്കുകയായിരുന്നു. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിറ്റി പ്രീമിയർ ലീഗ് കിരീടമുയർത്തുന്നത്.
കിരീടമുറപ്പിച്ച് മാഞ്ചസ്റ്ററിന്‍റെ നീലപ്പട
കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടിരുന്നു. എന്നാല്‍ ലെസ്റ്റർ സിറ്റിയോട് തോറ്റതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ശേഷിക്കുന്ന എല്ല മത്സരങ്ങളില്‍ വിജയിച്ചാലും സിറ്റിക്കൊപ്പമെത്താൻ കഴിയില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളില്‍ നിന്ന് 80 പോയിന്‍റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 35 മത്സരങ്ങളില്‍ നിന്ന് 70 പോയിന്‍റുമാണുള്ളത്.
14-ാം പ്രീമിയർ ലീഗ് കിരീടം കൈവിട്ട് യുണൈറ്റഡ്
ലെസറ്റർ സിറ്റിയോട് തോല്‍വി ഏറ്റുവാങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പതിനാലാം കിരീടത്തിലേക്കുള്ള സാധ്യതയാണ് അവസാനിച്ചത്. മത്സരത്തിന്‍റെ പത്താം മിനിറ്റില്‍ തന്നെ ലെസ്റ്റർ സിറ്റി ആദ്യ ലീഡ് നേടി. ലൂക് തോമസാണ് ആദ്യ ഗോൾ നേടിയത്. അധികം വൈകാതെ തന്നെ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ലെസ്റ്റർ സിറ്റി മികച്ച പ്രകടനം പുറത്തെടുക്കുന്നത് ശ്രദ്ധിച്ച യുണൈറ്റഡ് സൂപ്പർ താരങ്ങളായ റാഷ്‌ഫോർഡിനെയും കവാനിയെയും കളത്തിലെത്തിച്ചു. എന്നാല്‍ 66-ാം മിനിറ്റില്‍ സൊയുഞ്ചുവിന്‍റെ ഹെഡർ ഗോളിലൂടെ ലെസ്റ്റർ ജയം സ്വന്തമാക്കി. ജയത്തോടെ ലെസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്‌തു. ഈ സീസണില്‍ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്ന ആഞ്ചാമത്തെ ലീഗ് മത്സരമാണിത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനം സ്വന്തമാക്കാൻ കഴിയൂ.