മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. 22-ാം മിനുട്ടില്‍ ജേമി വാർഡിയിലൂടെ ലെസ്റ്റര്‍ അക്കൗണ്ട് തുറന്നെങ്കിലും ലീഡ് നിലനിർത്താനായില്ല. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് മിനുട്ടിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി സമനില ഗോൾ നേടി. റിയാദ് മഹ്‌റേസിലൂടെയാണ് സമനില പിടിച്ചത്. പിന്നീടങ്ങോട്ട് മാഞ്ചസ്റ്റര്‍ സിറ്റിയെ പിടിച്ചുകെട്ടാന്‍ സന്ദർശകർക്കായില്ല. റഹീം സ്‌റ്റെര്‍ലിങിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഇടവേളക്ക് രണ്ട് മിനുട്ട് മാത്രം മുമ്പ് ലഭിച്ച പെനാല്‍റ്റി ആതിഥേയർ മുതലാക്കി. ഗുണ്ടോഗനിലൂടെ സിറ്റി രണ്ടാമത്തെ ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 69-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിലൂടെ ആതിഥേയർ മൂന്നാമത്തെ ഗോളും നേടി.
ലെസ്റ്ററിനെ തളച്ച് മാഞ്ചസ്റ്റര്‍ സിറ്റി - leicester city news
പ്രീമിയർ ലീഗിലെ ഒമ്പത് മത്സരങ്ങളിലായി പരാജയമറിയാതെ ലെസ്റ്റര്‍ സിറ്റി നടത്തിയ കുതിപ്പിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ തടയിട്ടത്. ലെസ്റ്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്
അഞ്ച് മിനുട്ട് ഇഞ്ച്വറി ടൈം അനുവദിച്ചെങ്കിലും ലസ്റ്റര്‍ സിറ്റിക്ക് ഗോൾ മടക്കാനായില്ല. പ്രീമിയർ ലീഗില്‍ ഈ ദശാബ്ദത്തിലെ 250-ാമത്തെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ ആഘോഷിച്ചത്.
ലീഗിലെ പോയിന്‍റ് പട്ടികയില്‍ 38 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും 39 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റി രണ്ടാമതുമാണ്. 10 പോയിന്‍റ് വ്യത്യാസത്തില്‍ 49 പോയിന്‍റമായി ലിവർപൂളാണ് ഒന്നാമത്. ലീഗില്‍ അടുത്ത 27-ന് നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ലിവർപൂളിനെയും 29-ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വോൾവ്സിനെയും നേരിടും. ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് ശേഷിക്കെ മിഗ്വേൽ ആൽമിറോണാണ് ന്യൂകാസിലിനായി ഗോൾ നേടിയത്. എവര്‍ട്ടണും അഴ്‌സണലും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയില്‍ പിരിഞ്ഞു.