എത്തിഹാദ് സ്റ്റേഡിയം: പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാനിച്ചതിനാല്‍ മത്സര ഫലത്തിന് പ്രസക്തി നഷ്ടമായെങ്കിലും ദുർബലരായ ബേൺമൗത്തിന് എതിരെ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന സിറ്റി ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. തകർപ്പൻ ഫ്രീക്കിക്കിലൂടെ സ്പാനിഷ് താരം ഡേവിഡ് സില്‍വയാണ് ആറാം മിനിട്ടില്‍ സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. 39-ാം മിനിട്ടില്‍ ബ്രസീലിയൻ താരം ഗബ്രിയേല്‍ ജസ്യൂസ് സിറ്റിക്കായി രണ്ടാം ഗോൾ നേടി.
ബേൺമൗത്തിന് എതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം - EPL
സ്പാനിഷ് താരം ഡേവിഡ് സില്‍വയാണ് ആറാം മിനിട്ടില്‍ സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. 39-ാം മിനിട്ടില്‍ ബ്രസീലിയൻ താരം ഗബ്രിയേല്‍ ജസ്യൂസ് സിറ്റിക്കായി രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയില്‍ അലസമായി കളിച്ച സിറ്റിയെ ബേൺ മൗത്ത് താരങ്ങൾ പലതവണ പരീക്ഷിച്ചു. ബേൺമൗത്ത് താരം ജോഷ്വ കിങിന്‍റെ ഗോൾ ഓഫ് സൈഡ് വിധിച്ചത് സിറ്റിക്ക് ആശ്വാസമായി. അതിനിടെ, ജസ്യൂസിനെ ഫൗൾ ചെയ്തത് പെനാല്‍റ്റിക്കായി സിറ്റി താരങ്ങൾ വാദിച്ചെങ്കിലും വാറിലൂടെ അത് നഷ്ടമായി. ഒടുവില്‍ 88-ാം മിനിട്ടില്‍ ഡേവിഡ് ബ്രൂക്‌സിലൂടെ ബേൺമൗത്ത് തിരിച്ചടിച്ചു. സമനിലയ്ക്കായി ബേൺമൗത്ത് താരങ്ങൾ ആത്മാർഥമായി പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. അതേസമയം, സിറ്റി താരങ്ങൾ രണ്ടാം പകുതിയില്‍ കളി മറന്നാണ് കളിച്ചതെന്ന് ഫുട്‌ബോൾ നിരീക്ഷകർ വിലയിരുത്തിയത് പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് തിരിച്ചടിയായി.