ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആരാധകര്‍ നടത്തുന്ന പ്രതിഷേധം കളിക്കളത്തിലും സ്വാധീനം ചെലുത്തുകയാണ്. ഓള്‍ഡ് ട്രാഫോഡിലെ പ്രതിഷേധം ചെകുത്താന്‍മാരുടെ പ്രകടനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. പറഞ്ഞത് മറ്റാരുമല്ല പരിശീലന്‍ ഒലെ ഗണ്ണന്‍ സോള്‍ഷെയര്‍ തന്നെ. ലിവര്‍പൂളിനെതിരായ മത്സരത്തിന് മുമ്പായാണ് ഓള്‍ഡ് ട്രാഫോഡ് ആരാധകരുടെ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞത്.
ക്ലബ് ഉടമകളായ ഗ്ലേസിയര്‍ കുടുംബാംഗങ്ങള്‍ക്ക് എതിരെയാണ് യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം. ഗ്ലേസിയര്‍ കുടുംബത്തിന്‍റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരെയാണ് പ്രതിഷേധം കനക്കുന്നത്. ഇതിന്‍റെ ചൂട് മുഴുവന്‍ അറിഞ്ഞത് യുണൈറ്റഡിന്‍റെയും ലിവര്‍പൂളിന്‍റെയും താരങ്ങളാണ്. ഓള്‍ഡ് ട്രാഫോഡില്‍ മെയ് മൂന്നിന് ഇരു ടീമുകളും തമ്മില്‍ നടക്കാനിരുന്ന മത്സരം ആരാധകരുടെ പ്രതിഷേധം കാരണം മാറ്റിവെച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോഡില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകള്‍ക്ക് മുന്നേ യുണൈറ്റഡ് ടീം സ്റ്റേഡിയത്തിലെത്തി. മത്സരം നടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ലിവര്‍പൂള്‍ സംഘവും എത്തി. യുണൈറ്റഡിന്‍റെ ടീം കിടക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെയാണ് ഓള്‍ഡ് ട്രാഫോഡിലേക്ക് എത്തിയത്. ഇത്ര വലിയ മുന്നൊരുക്കം ടീം അംഗങ്ങളെ ഒരു പരിധിയിലധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് യുണൈറ്റഡ് പരിശീലകന്‍ പറയുന്നത്.