കേരളം

kerala

ETV Bharat / sports

പിഎസ്‌ജിയെ തോല്‍പ്പിച്ച് മാഞ്ചസ്‌റ്റർ, അഞ്ചടിച്ച് ബാഴ്‌സ; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിക്ക് സമനില - ബാഴ്‌സലോണ

പാരീസ് സെന്‍റ് ജെര്‍മയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. ഫെറൻസ്വാരോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ കീഴടക്കിയത്.

Man United  PSG  Paris Saint Germain  Champions League  Marcus Rashford  Juventus  Barcelona  യുവേഫ ചാമ്പ്യൻസ് ലീഗ് റിസള്‍ട്ട്  മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്  ചെല്‍സി  ബാഴ്‌സലോണ  പിഎസ്‌ജി ലാസ്‌റ്റ് മാച്ച്
പിഎസ്‌ജിയെ തോല്‍പ്പിച്ച് മാഞ്ചസ്‌റ്ററും, അഞ്ചടിച്ച് ബാഴ്‌സയും; ചെല്‍സിക്ക് സമനിലകുരുക്ക്

By

Published : Oct 21, 2020, 6:03 PM IST

Updated : Oct 22, 2020, 12:59 PM IST

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് തുടക്കമായപ്പോൾ മുൻനിര ടീമുകൾക്ക് ജയം. സൂപ്പര്‍ പോരാട്ടത്തില്‍ പാരീസ് സെന്‍റ് ജെര്‍മയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വിജയത്തുടക്കമിട്ടു. പിഎസ്‌ജിയില്‍ നിന്ന് കൂടുമാറി ടീമിലെത്തിയ കവാനിയില്ലാതെയാണ് യുണൈറ്റഡ് ഇന്നലെ കളത്തിലിറങ്ങിയത്. ബോള്‍ പൊസിഷനില്‍ ഏറെ മുന്നിലായിട്ടും ഗോള്‍ നേടാനാകാതെ പോയതാണ് പിഎസ്‌ജിക്ക് തിരിച്ചടിയായത്. 23-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ നായകൻ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്‍റെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. 55-ാം മിനിട്ടില്‍ ആന്‍റണി മാര്‍ഷ്യലിന്‍റെ സെല്‍ഫ് ഗോളിന്‍റെ ബലത്തില്‍ പിഎസ്‌ജി കളിയിലേക്ക് തിരിച്ചുവന്നു. പിന്നീട് ഇരുവശങ്ങളിലേക്കും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരം സമനിലയിലേക്ക് നീങ്ങുന്നുവെന്ന സാഹചര്യത്തില്‍ 87-ാം മിനിട്ടിലാണ് യുണൈറ്റഡ് വിജയഗോള്‍ നേടിയത്. റാഷ്‌ഫോര്‍ഡ് ടീമിനായി വലകുലുക്കി. 11 കോര്‍ണറുകള്‍ ലഭിച്ച പിഎസ്‌ജിക്ക് ഒന്നും വലയിലെത്തിക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ദുര്‍ബലരായ ഹംഗേറിയൻ ക്ലബ് ഫെറൻസ്വാരോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ ബാഴ്‌സയ്‌ക്കായി മെസി, അൻസു ഫാറ്റി, കുട്ടീഞ്ഞോ, പെഡ്‌രി, ഡെംബലെ എന്നിവര്‍ സ്‌കോര്‍ ചെയ്‌തു. 70-ാം മിനിട്ടില്‍ ഗുരുതര ഫൗള്‍ ചെയ്‌ത പിക്വെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ വകയില്‍ കിട്ടിയ പെനാല്‍ട്ടി വലയിലെത്തിച്ച് ഐഹോര്‍ ഖരാടിൻ ഫെറൻസ്വാരോസിന്‍റെ ആശ്വാസ ഗോള്‍ നേടി. ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ യുവന്‍റസിന് എതിരായ അടുത്ത മത്സരം പിക്വെയ്‌ക്ക് നഷ്‌ടമാകും.

ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ജര്‍മൻ സൂപ്പര്‍ സ്‌റ്റാറുകളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലാസിയോയുടെ വിജയം. കളിയില്‍ 65 ശതമാനം ബോള്‍ പൊസിഷനും ഡോര്‍ട്ട്‌മുണ്ടിന്‍റെ പക്കലായിരുന്നെങ്കിലും ഗോള്‍ നേടാൻ ടീമിനായില്ല. ഒരു സെല്‍ഫ് ഗോളടക്കമാണ് ടീം വിട്ടുനല്‍കിയത്. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ സെവിയ്യയോട് ചെല്‍സി സമനില വഴങ്ങി. ഇരു ടീമുകളും ഒരേ ആവേശത്തില്‍ പോരാടിയെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. ഗ്രൂപ്പ് ഇയില്‍ നടന്ന എല്ലാ മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചിരിക്കുന്നത്. ഗ്രൂപ്പ് ജിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസും വിജയവഴിയിലെത്തി. അല്‍വരോ മൊറാട്ടോയുടെ ഇരട്ടഗോളുകളാണ് യുവന്‍റസിന് വിജയമൊരുക്കിയത്.

Last Updated : Oct 22, 2020, 12:59 PM IST

ABOUT THE AUTHOR

...view details