മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കിരീടം ആര്‍ക്ക് കാത്തിരിപ്പ് 22ന് അവസാനിക്കും. രാത്രി 9.30ന് നടക്കുന്ന രണ്ട് നിര്‍ണായക പോരാട്ടങ്ങളാണ് ലീഗിലെ ജേതാക്കളെ തീരുമാനിക്കുക. ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും രണ്ട് മത്സരങ്ങളിലായി ബൂട്ടുകെട്ടും. മാഡ്രിഡിലെ കരുത്തരില്‍ ആര് കപ്പടിക്കുമെന്നുള്ള കണക്കു കൂട്ടല്‍ ഇതിനകം ഫുട്‌ബോള്‍ ലോകത്ത് ആരംഭിച്ചു കഴിഞ്ഞു. സ്‌പാനിഷ് ഫുട്ബോളിന്‍റെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്.
ഇന്നലെ നടന്ന നിര്‍ണായ മത്സരത്തില്‍ സെല്‍റ്റ വിഗോയോട് പരാജയപ്പെട്ടതോടെ ബാഴ്‌സലോണ ലാലിഗയില്‍ കപ്പടിക്കാനുള്ള പോരാട്ടത്തില്‍ നിന്നും പുറത്തായി. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലായി ശേഷിക്കുന്ന പോരാട്ടം. ഇരു ടീമുകള്‍ക്കും ലീഗില്‍ ഓരോ മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്. രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കമുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗിലെ അടുത്ത മത്സരത്തില്‍ ദുര്‍ബലരായ വല്ലാഡോളിഡിനെ നേരിടും.
അത്‌ലറ്റിക്കോ മാഡ്രിഡും ഒസാസുനയും തമ്മലുള്ള ലാലിഗ പോരാട്ടത്തില്‍ നിന്നും(ഫയല്‍ ചിത്രം). ഒസാസുനക്കെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ കളിക്കളത്തില്‍(ഫയല്‍ ചിത്രം). ഒസാസുനക്കെതിരായ മത്സരത്തില്‍ വിജയ ഗോള്‍ നേടിയ ശേഷം ലൂയി സുവാരസിന്‍റെ ആഹ്ളാദ പ്രകടനം(ഫയല്‍ ചിത്രം). അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണി വാര്‍ത്താസമ്മേളനത്തിനിടെ (ഫയല്‍ ചിത്രം). തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ വല്ലാഡോളിഡ്
ലീഗിലെ ഈ സീസണില്‍ തരംതാഴ്‌ത്തലിന്‍റെ വക്കിലാണ് വല്ലാഡോളിഡ്. 19-ാം സ്ഥാനത്തുള്ള വല്ലാഡോളിഡിന് അത്‌ലറ്റികോക്കെതിരെ ജയിച്ചാല്‍ മാത്രമെ തരം താഴ്‌ത്തല്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കൂടി സാധിക്കൂ. അതിനാല്‍ തന്നെ ജീവന്‍മരണ പോരാട്ടമാകും അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഹോം ഗ്രൗണ്ടില്‍ വല്ലാഡോളിഡ് കാഴ്‌ചവെക്കുക.
സുവാരസ് സൂപ്പറാണ്
മറുഭാഗത്ത് യുറുഗ്വന്‍ സൂപ്പര്‍ താരം ലൂയി സുവാരസിന്‍റെ കരുത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഈ സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്‌പാനിഷ് ലാലിഗയില്‍ വീണ്ടും മുത്തമിടാനുള്ള അവസരമാണ് ഇത്തവണ ഡിയേഗോ സിമിയോണിയുടെ ശിഷ്യന്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. 2014ലിലാണ് അവസാനമായി അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയില്‍ കപ്പ് സ്വന്തമാക്കിയത്. സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന അത്‌ലറ്റിക്കോ ഇതേവരെ നാല് മത്സരങ്ങളില്‍ മാത്രമാണ് പരാജയം അറിഞ്ഞത്.
റയല്‍ മാഡ്രിഡ് കളിക്കളത്തില്‍(ഫയല്‍ ചിത്രം). റയല്‍ മാഡ്രിഡിന്‍റെ സ്‌പാനിഷ് മുന്നേറ്റ താരം കരീം ബെന്‍സേമ ഗോളടിച്ച ശേഷം ആഹ്ളാദം പങ്കുവെക്കുന്നു(ഫയല്‍ ചിത്രം). റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദന്‍ സിദാന്‍ മത്സരത്തിനിടെ(ഫയല്‍ ചിത്രം). റയല്‍ മാഡ്രിഡ് താരങ്ങള്‍ മത്സരത്തിനിടെ(ഫയല്‍ ചിത്രം). റയലിന് അങ്കം വിയ്യാറയലിനോട്
മറുഭാഗത്ത് റയല്‍ മാഡ്രിഡിന് കരുത്തരായ വിയ്യാറയലാണ് നിര്‍ണായക പോരാട്ടത്തില്‍ എതിരാളികള്‍. സീസണില്‍ യൂറോപ്പ ലീഗിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയ വിയ്യാറയല്‍ റയലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലീഗില്‍ ഇതിന് മുമ്പ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഈ മാസം 22നാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുക. ഒരാഴ്‌ചക്കുള്ളില്‍ യൂറോപ്പ ലീഗിന്‍റെ ഫൈനല്‍ പോരാട്ടമുള്ളതിനാല്‍ സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ക്കെതിരെ വലിയ പരീക്ഷണങ്ങള്‍ക്ക് വിയ്യാറയല്‍ മുതിര്‍ന്നേക്കില്ല. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ സെവിയ്യക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളുകളുടെ ജയം സ്വന്തമാക്കിയ വിയ്യാറയലിനെ എഴുതിത്തള്ളാന്‍ റയലിന് സാധിക്കില്ല.
പരിക്ക് കളിക്കും
പരിക്കാണ് റയല്‍ മാഡ്രിഡ് നേരിടുന്ന പ്രധാന വെല്ലുവിളി. നായകന്‍ സെര്‍ജിയോ റാമോസിന്‍റെ ഉള്‍പ്പെടെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. റാമോസ്, വരാനെ മെന്‍ഡി എന്നിവര്‍ വിയ്യാറയലിന് എതിരെ കളിക്കുന്ന കാര്യം സംശയമാണ്. വിയ്യാറയലിന് എതിരെ ജയിച്ചാലും അത്‌ലറ്റിക്കോ മാഡ്രിഡ് എറ്റവും ചുരുങ്ങിയത് സമനിലയെങ്കിലും വഴങ്ങിയാലെ റയലിന് കിരീട പ്രതീക്ഷ ബാക്കിയാകു.
ലീഗിലെ ഇരു നിര്‍ണായക പോരാട്ടങ്ങളും ഈ മാസം 22 ന് രാത്രി 9.30ന് നടക്കും.