ബെര്‍ലിന്‍: യൂറോപ്പ ലീഗിന്‍റെ കലാശപ്പോരില്‍ സ്‌പാനിഷ് വമ്പന്‍മാരായ സെവില്ലയെ ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍മിലാന്‍ നേരിടും. സെമി ഫൈനലില്‍ എതിരാളികളായ ഷാക്‌തറിന്‍റെ വല നിറച്ചാണ് ഇന്‍റര്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കിയത്. റൊമേലു ലുക്കാക്കുവും മാര്‍ട്ടിനസും ഇരട്ടവടി പൊട്ടിച്ചപ്പോള്‍ 5-0ത്തിനാണ് ഇന്‍ററിന്‍റെ ജയം. ഇന്‍റര്‍ മിലാന്‍റെ 10ാമത്തെ യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശമാണിത്.
ആദ്യ പകുതിയിലെ 19ാം മിനിട്ടില്‍ വലത് വിങ്ങിലൂടെ ബരേല്ല നല്‍കിയ ലോങ്ങ് പാസ് ഹെഡറിലൂടെ വലയിലെത്തിച്ച് മാര്‍ട്ടിനസാണ് ഇന്‍ററിന്‍റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. അതൊരു തുടക്കമാണെന്ന് അപ്പോള്‍ ആരും കരുതിയില്ല. നിരന്തരം ഷാക്തറിന്‍റെ ഗോള്‍ മുഖത്ത് അന്‍റോണിയോ കോന്‍റെയുടെ ശിഷ്യര്‍ ആക്രമിച്ച് കളിച്ചെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഇന്‍റര്‍ രൗദ്രഭാവം പുറത്തെടുത്തത്.
64ാം മിനിട്ടില്‍ വിങ്ങര്‍ ആംബ്രോസിയോ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ വീണ്ടും ഷാക്‌തറിന്‍റെ വലയിലെത്തിച്ചു. 10 മിനിട്ടുകള്‍ക്ക് ശേഷം ലുക്കാക്കു വലത് വിങ്ങിലൂടെ നല്‍കിയ പാസ് മാര്‍ട്ടിനസ് വീണ്ടും വലയിലെത്തിച്ചു. പിന്നാലെ 78ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ വെച്ച് മാര്‍ട്ടിനസിന്‍റെ പാസില്‍ ലുക്കാകു ആദ്യവെടി പൊട്ടിച്ചു. സ്റ്റെഫാന്‍ ഡി വ്രിജിന്‍റെ അസിസ്റ്റിലായിരുന്നു ലുക്കാക്കുവിന്‍റെ രണ്ടാമത്തെ ഗോള്‍. യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഗോളടിക്കുകയെന്ന റെക്കോഡും ഇതോടെ ലുക്കാക്കു സ്വന്തമാക്കി.