കേരളം

kerala

ETV Bharat / sports

ചെമ്പടയുടെ ചങ്കുറപ്പ് സ്റ്റീവന്‍ ജെറാർഡിന് ഇന്ന് 40-ാം പിറന്നാൾ

നീണ്ട 17 വർഷക്കാലം ലിവർപൂളിന്‍റെ മധ്യനിര താരമായും ഒരു പതിറ്റാണ്ടോളം ചെമ്പടയെ നയിക്കുകയും ചെയ്‌ത സ്റ്റീവന്‍ ജെറാർഡ് ക്ലബിനായി 186 ഗോളുകൾ സ്വന്തമാക്കി. ദേശീയ ടീമിന് വേണ്ടി 114 മത്സരങ്ങളില്‍നിന്ന് 21 ഗോളുകളും ഈ മുന്‍ ഇംഗ്ലീഷ് താരം സ്വന്തം പേരില്‍ കുറിച്ചു

സ്റ്റീവന്‍ ജെറാര്‍ഡ് വാർത്ത  ഇപിഎല്‍ വാർത്ത  steven gerrard news  epl news
സ്റ്റീവന്‍ ജെറാർഡ്

By

Published : May 30, 2020, 12:07 PM IST

Updated : May 30, 2020, 3:56 PM IST

ഹൈദരാബാദ്:ഒരു കാലത്ത് ലിവർപൂളിന്‍റെ ചങ്കുറപ്പും ഇംഗ്ലീഷ് ഫുട്ബോളിന്‍റെ മാന്യതയുടെ പ്രതീകവുമായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡിന് ഇന്ന് 40-ാം പിറന്നാൾ. 17 വര്‍ഷം ചെമ്പടയുടെ ഭാഗമായ അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മധ്യനിരക്കാരില്‍ ഒരാൾ കൂടിയാണ്. ഒരു വ്യാഴവട്ടക്കാലം ചെമ്പടയെ നയിച്ചു. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരം കൂടിയാണ് ജെറാര്‍ഡ്. ദേശീയ ടീമിന് വേണ്ടി 114 മത്സരങ്ങളില്‍നിന്ന് 21 ഗോള്‍ സ്വന്തമാക്കി. പീറ്റര്‍ ഷില്‍റ്റണ്‍, വെയിന്‍ റൂണി, ഡേവിഡ് ബെക്കാം എന്നിവര്‍ മാത്രമാണ് ജെറാര്‍ഡിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടിനായി കളിച്ചത്. 2000 മേയ് 31-ന് ഉക്രയ്‌ന് എതിരെ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച ജെറാൾഡ് 2010, 2014 ലോകകപ്പുകളിലും 2012 യൂറോകപ്പിലും രാജ്യത്തിന്‍റെ നായകനുമായി. എന്നാല്‍ 2014 ലോകകപ്പിലെ പുറത്താകലിനെ തുടര്‍ന്ന് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും വിട പറഞ്ഞു.

പ്രീമിയർ ലീഗില്‍ ലിവർപൂൾ കിരീട നേട്ടത്തിന്‍റെ പടിവാതില്‍ക്കലെത്തി കൊവിഡ് 19-നെ മറികടക്കാനായി നില്‍ക്കുമ്പോഴാണ് ജെറാർഡിന്‍റെ പിറന്നാൾ ആഘോഷമെന്ന പ്രത്യേകതയുമുണ്ട്. കളിക്കളത്തില്‍ ലിവർപൂളിനായി ആവുന്നതെല്ലാം ചെയ്‌തിട്ടം ചെമ്പടയുടെ ഈ നായകന് ക്ലബിന്‍റെ ഷെല്‍ഫില്‍ പ്രീമിയർ ലീഗ് കിരീടം എത്തിക്കാനായിരുന്നില്ല. ഒടുവില്‍ ആ വലിയ നേട്ടം സ്വന്തമാക്കാനാകാതെ അദ്ദേഹത്തിന് 2015-ല്‍ നിരാശനായി ക്ലബ് വിടേണ്ടിയും വന്നു. എന്നെന്നേക്കുമായി ബൂട്ട് അഴിക്കുന്നതിന് മുമ്പ് ലിവര്‍പൂള്‍ വിട്ട ജെറാള്‍ഡ് അമേരിക്കന്‍ മേജര്‍ലീഗില്‍ ലോസ് ഏയ്ഞ്ചല്‍സ് ഗ്യാലക്സിക്ക് വേണ്ടി രണ്ട് വർഷം കളിച്ചു. 2013-14 പ്രീമിയർ ലീഗ് സീസണില്‍ ചെമ്പടയെ രണ്ടാം സ്ഥാനത്ത് എത്തിച്ച ശേഷമാണ് ജെറാൾഡ് ആന്‍ഫീല്‍ഡ് വിട്ടത്. അതേസമയം മധ്യനിരയില്‍ ജെറാർഡിന്‍റെ ചങ്കുറപ്പിന്‍റെ കരുത്തില്‍ ചാമ്പ്യന്‍സ്‌ ലീഗിലും രണ്ടുവട്ടം എഫ്എ കപ്പിലും മൂന്നുതവണ ലീഗ് കപ്പിലും ലിവർപൂൾ മുത്തമിട്ടു. ലിവര്‍പൂളിനുവേണ്ടി 710 മത്സരം കളിച്ച ജെറാര്‍ഡ് 186 ഗോളും സ്വന്തമാക്കി. 1980 മെയ് 30-നാണ് അദ്ദേഹം ജനിച്ചത്.

ബൂട്ടഴിച്ച ശേഷവും അദ്ദേഹം കാല്‍പന്തിന്‍റെ ലോകത്ത് നിന്നും വിടപറയാന്‍ തയാറായില്ല. 2017-ല്‍ ആന്‍ഫീല്‍ഡില്‍ തിരിച്ചെത്തിയ അദ്ദേഹം ലിവർപൂളിന്‍റെ യൂത്ത് ടീമിനെ കളി പഠിപ്പിച്ചു. തുടർന്ന് 2017-ല്‍ സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സിനെ പരിശീലിപ്പിച്ചു.

ഈ സീസണില്‍ ഇപിഎല്‍ പുനരാരംഭിക്കുകയാണെങ്കില്‍ രണ്ട് ജയം കൂടി സ്വന്തമാക്കിയാല്‍ ലിവർപൂളിന് ഇപിഎല്‍ കിരീടം ചരിത്രത്തില്‍ ആദ്യമായി സ്വന്തമാക്കാനാകും. ലീഗില്‍ 25 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയാണ്. ലിവർപൂളിന് 82 പോയിന്‍റും മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്‍റുമാണ് ഉള്ളത്.

Last Updated : May 30, 2020, 3:56 PM IST

ABOUT THE AUTHOR

...view details