ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂളിന്‍റെ ആധിപത്യം. ബ്രൈറ്റണിനെതിരെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവര്‍പൂളിന്‍റെ വിജയം. സീസണില്‍ ഇതുവരെ നടന്ന 14 കളികളില്‍ ചെമ്പട പരാജയമറിഞ്ഞിട്ടില്ല.
ബ്രൈറ്റണിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ലിവർപൂൾ രണ്ട് ഗോള്‍ നേടി. വിര്‍ജിൽ വാന്‍ ഡെയ്കാണ് രണ്ട് തവണയും ബ്രൈറ്റണിന്‍റെ വല ചലിപ്പിച്ചത്. 18-ാം മിനുട്ടിലും 24-ാം മിനുട്ടിലും. 79-ാം മിനുട്ടില്‍ ലൂയിസ് ഡ്രങ്ക് ബ്രൈറ്റണിനായി ആശ്വാസഗോൾ നേടി. അതേസമയം 76-ാം മിനിറ്റിൽ ഗോളി അലിസൺ ബെക്കറിന് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നത് ലിവര്‍പൂളിന് തിരിച്ചടിയായി.
അതേസമയം ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റി ന്യൂകാസലിനെതിരെ സമനില വഴങ്ങി. ന്യൂകാസലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു. രണ്ട് തവണ സിറ്റി ലീഡ് പിടിച്ചപ്പോഴും ന്യൂകാസലിന് സമനില ഗോൾ നേടാനായി. സിറ്റിക്ക് വേണ്ടി 22-ാം മിനുട്ടില്‍ റഹീം സ്‌റ്റെർലിങ്ങും 82-ാം മിനുട്ടില്‍ കെവില്‍ ഡി ബ്രൂണെയിനും ഗോൾ നേടി. ന്യൂ കാസലിനായി 25-ാം മിനുട്ടില്‍ ജെട്രോ വില്യംസും 88-ാം മിനുട്ടില്‍ ജോന്‍ജിയോ ഷെല്‍വിയും ഗോൾ നേടി. കിരീടം നിലനിർത്താനായുള്ള പോരാട്ടത്തില്‍ സിറ്റിക്ക് തുടർച്ചയായി നേരിടേണ്ടിവന്ന രണ്ടാമത്തെ സമനിലയാണ് ഇത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ലിവർപൂളിനേക്കാൾ 11 പോയിന്‍റ് വ്യത്യാസത്തില്‍ 29 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. 14 മത്സരങ്ങളില്‍ 40 പോയിന്‍റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ചെൽസി വെസ്‌റ്റ് ഹാമിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപെട്ടു. 48-ാം മിനിറ്റില്‍ ആരോൺ ക്രെസ്‍വെൽ വെസ്‌റ്റ് ഹാമിനായി വിജയ ഗോൾ നേടി. അതേസമയം പുതിയ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോക്ക് കീഴില്‍ ടോട്ടനം വിജയം തുടരുന്നു. ബോൺമൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടനം പരാജയപെടുത്തി. മൗറിഞ്ഞോയുടെ ആദ്യ ഹോം മത്സരത്തില്‍ ഡെലി അലി ടോട്ടനത്തിനായി ഇരട്ട ഗോൾ നേടി. 21-ാം മിനുട്ടിലും രണ്ടാം പകുതിയില്‍ 50-ാം മിനുട്ടിലുമായിരുന്നു ഗോൾ. 69-ാം മിനുട്ടില്‍ മൗസാ സിസോക്കോ ടോട്ടനത്തിനായി മൂന്നാം ഗോളും നേടി. ബോൺമൗത്തിനായി ഹാരി വില്‍സണും ഇരട്ട ഗോൾ നേടി. 73-ാം മിനുട്ടിലും അധികസമയത്തുമായിരുന്നു ഗോൾ. മൂന്നാം തുടർ ജയത്തോടെ 20 പോയിന്‍റുമായി ടോട്ടനം ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.