എമിറേറ്റ്സ് സ്റ്റേഡിയം: സീസണില്‍ നൂറ് പോയിന്‍റ് നേടാമെന്ന ലിവര്‍പൂളിന്‍റെ സ്വപ്‌നത്തിന് തടയിട്ട് ആഴ്‌സണല്‍. ലീഗിലെ ഒന്നാം സ്ഥാനക്കാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒമ്പതാം സ്ഥാനക്കാരായ ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ നേടി ശേഷം പ്രതിരോധത്തിലേക്ക് മാറിക്കളിച്ച ലിവര്‍പൂൾ താരങ്ങളുടെ പിഴവില്‍ നിന്നാണ് ആഴ്‌സണല്‍ രണ്ടും ഗോളും നേടിയത്. ഇതോടെ പ്രീമിയർ ലീഗ് ചാമ്പ്യൻമാര്‍ സീസണിലെ മൂന്നാമത്തെ തോല്‍വി രുചിച്ചു.
ആദ്യപകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്‍റെ 20-ാം മിനിട്ടില്‍ സാദിയോ മാനെ ചാമ്പ്യന്‍മാര്‍ക്കായി ആദ്യം സ്‌കോര്‍ ചെയ്‌തു. ബോക്‌സിന് വെളിയില്‍ നിന്നും ഫിര്‍മിനോ തട്ടിവിട്ട പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാനെ വലയിലാക്കി.
32-ാം മിനിട്ടില്‍ ലിവർപൂൾ പ്രതിരോധ താരം വാന്‍ ഡിക്കില്‍ നിന്ന് പിടിച്ചെടുത്ത പന്ത് ആഴ്‌സണല്‍ താരം റെയ്‌സ് നെല്‍സണ്‍, ലക്കസെട്ടെയ്‌ക്ക് കൈമാറി. അധികം കഷ്‌ടപ്പെടാതെ ലക്കസെട്ടെ പന്ത് ലിവറിന്‍റെ വലയിലാക്കി.
ആദ്യ പകുതി സമനിലയോടെ അവസാനിക്കുമെന്ന് കരുതിയെങ്കിലും ലിവര്‍പൂള്‍ ഗോളി അലിസണിന്‍റെ പിഴവ് ആഴ്‌സണലിന് ലീഡ് സമ്മാനിച്ചു. 44-ാം മിനിട്ടില്‍ പോസ്‌റ്റിന് മുമ്പില്‍ വച്ച് അലിസണ്‍ റോബര്‍ട്ട് സണിന് നല്‍കിയ പാസ് തട്ടിയെടുത്ത ലക്കസെട്ടെ പന്ത് റെയ്‌സ് നെല്‍സണ് കൈമാറി. നെല്‍സൺ ആഴ്‌സണലിന്‍റെ വിജയ ഗോളും നേടി. രണ്ടാം പകുതിയില്‍ ഗോൾ നേടാൻ ലിവർപൂൾ കിണഞ്ഞ് ശ്രമിച്ചെങ്കിലും മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ ആഴ്‌സണല്‍ പ്രതിരോധം ഉറച്ചുനിന്നു.
മത്സരത്തില്‍ 69 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്ന ലിവര്‍പൂള്‍ എട്ട് തവണ ആഴ്‌സണല്‍ പോസ്‌റ്റിലേക്ക് നിറയൊഴിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് ഒന്നിനപ്പുറത്തേക്ക് കൊണ്ടുപോകാനായില്ല. അതേസമയം പോസ്‌റ്റിലേക്കടിച്ച രണ്ട് ഷോട്ടുകളും ആഴ്‌സണലിന് ഗോള്‍ സമ്മാനിച്ചു. 23ന് ചെല്‍സിക്കെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം. ആസ്‌റ്റണ്‍ വില്ലയാണ് ആഴ്‌സണലിന്‍റെ അടുത്ത എതിരാളി. 22നാണ് മത്സരം.