ലണ്ടൻ:സ്റ്റേഡിയത്തിലെ ആരാധകരുടെ അഭാവം ലിവര്‍പൂളിന്‍റെ പ്രകടനത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നതായി സൂപ്പര്‍ സ്ട്രെെക്കര്‍ മുഹമ്മദ് സല. ഹോം മത്സരങ്ങളില്‍ ടീമിന്‍റെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം ഇതാണെന്നും സല പറഞ്ഞു.
'നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും ആരാധകര്‍ ഇല്ലാത്തത് റയൽ മാഡ്രിഡിനേക്കാള്‍ കൂടുതല്‍ തങ്ങളെ ബാധിക്കും. കൊവിഡിനെത്തുടര്‍ന്ന് ഞങ്ങൾക്ക് അവരെ നഷ്ടപ്പെട്ടു. ആരാധകരില്ലാതെ ഇത്രയധികം മോശം ഫോമിലേക്ക് വീണ മറ്റൊരു ടീമും ലോകത്തുണ്ടാകില്ല. ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ബർത്ത് ഉറപ്പിക്കുകയാണ് ലക്ഷ്യം' - സല പറഞ്ഞു.
ലിവർപൂൾ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന അവസാന ആറുമത്സരങ്ങളിൽ ടീം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. 2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തനിക്ക് പരിക്ക് പറ്റാനിടയായ ഫൗളിന്‍റെ പേരില്‍ സെർജിയോ റാമോസിനോട് വിരോധമില്ലെന്നും താരം വ്യക്തമാക്കി.
ഏപ്രില്‍ ഏഴിന് റയലിന്‍റെ തട്ടകത്തിലാണ് ടീമിന്‍റെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നടക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന്‍റെ കിരീട മോഹങ്ങള്‍ക്ക് ഇത്തവണ മങ്ങലേറ്റിട്ടുണ്ട്. 29 മത്സരങ്ങളില്‍ നിന്നും 46 പോയിന്‍റുള്ള ടീം നിലവിൽ പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 30 മത്സരങ്ങളില്‍ നിന്നും 71 പോയിന്‍റുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ യുണെെറ്റഡിന് 29 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റാണുള്ളത്.