ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂളിന് റെക്കോഡ് ജയം. സതാംപ്റ്റണിനെതിരെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ചെമ്പട ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചു. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയില്‍ മുന്നേറ്റ താരം മുഹമ്മദ് സാലയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തില്‍ ലിവർപൂൾ സതാംപ്‌ടണിന്‍റെ വല നിറച്ചു. 71, 90 മിനിട്ടുകളിലായിരുന്നു സാലയുടെ ഗോളുകൾ. 47-ാം മിനിട്ടില്‍ ചേമ്പർലെയിനാണ് ലിവർപൂളിന്‍റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നാലെ 60-ാം മിനിട്ടില്‍ ഹെന്‍റേഴ്‌സണും ആതിഥേയർക്കായി ഗോൾ നേടി.
പ്രീമിയർ ലീഗില്‍ റെക്കോഡ് ജയവുമായി ലിവർപൂൾ
സതാംപ്റ്റണിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ തുടർ ജയങ്ങൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ക്ലബെന്ന ടോട്ടനത്തിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ ലിവർപൂളിനായി
ജയത്തോടെ പ്രീമിയർ ലീഗില്‍ തുടർച്ചയായി ഏറ്റവും കുടുതല്‍ മത്സരങ്ങൾ ജയിക്കുന്ന രണ്ടാമത്തെ ക്ലബെന്ന നേട്ടം സ്വന്തമാക്കാന്‍ ലിവർപൂളിനായി. 42 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ടോട്ടനം ഹോട്ട്സ്‌പറിനൊപ്പണാണ് പരിശീലകന്‍ യൂർഗന്‍ ക്ലോപ്പിന്‍റെ കീഴിലുള്ള ലിവർപൂൾ. പ്രീമിയർ ലീഗില്‍ തുടർച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ ജയിച്ച ക്ലബെന്ന റോക്കോഡ് ആഴ്‌സണലന്‍റെ പേരിലാണ്. 49 തുടർ ജയങ്ങളാണ് ആഴ്‌സണലിന്‍റെ പേരിലുള്ളത്. ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ 20-ാം ജയം കൂടിയാണ് ഇത്.
ജയത്തോടെ പോയിന്‍റ് പട്ടിയില്‍ ഒന്നാമതുള്ള ലിവർപൂൾ ലീഡ് ഉയർത്തി. 73 പൊയിന്‍റുള്ള ചെമ്പടക്ക് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിയേക്കാൾ 22 പൊയിന്‍റാണ് അധികമുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിക്ക് 51 പൊയിന്‍റാണ് ഉള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ ലിവർപൂൾ നോർവിച്ച് സിറ്റിയെയും സതാംപ്‌റ്റണ്‍ ബേണ്‍ലിയെയും നേരിടും. ഫെബ്രുവരി 15-നാണ് ഇരു മത്സരങ്ങളും.