നോർവിച്ച്:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീട നേട്ടത്തിന് അരികിലേക്ക്. എവേ മത്സരത്തില്‍ നോർവിച്ച് സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് ലിവർപൂൾ പരാജയപ്പെടുത്തി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിക്കെതിരെ 78-ാം മിനിട്ടില്‍ സാദിയോ മാനെയാണ് ചെമ്പടക്കായി ഗോൾ സ്വന്തമാക്കിയത്. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ താരം 60-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ശേഷമാണ് ഗോൾ നേടിയത്.
പ്രീമിയർ ലീഗില്‍ ചെമ്പട മുന്നേറ്റം തുടരുന്നു - epl news
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ 15 പോയിന്‍റ് കൂടി നേടിയാല്‍ ലിവർപൂളിന് സീസണില്‍ കിരീടം സ്വന്തമാക്കാം
നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ ഇതേവരെ കളിച്ച 26 മത്സരങ്ങളില്‍ സാധ്യമായ 78 പോയിന്‍റില്‍ 76-ഉും സ്വന്തമാക്കി. ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ 15 പോയിന്‍റുകൾ കൂടി നേടിയാല്‍ ലിവർപൂളിന് സീസണില്‍ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം. നിലവില്‍ ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 25 പോയിന്‍റ് മുന്നിലാണ് ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ. ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിക്ക് 26 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റ് മാത്രമെയുള്ളൂ. ഫെബ്രുവരി 25-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലിവർപൂൾ വെസ്‌റ്റ് ഹാമിനെ നേരിടും. ഫെബ്രുവരി 23-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വോൾവ്സാണ് നോർവിച്ച് സിറ്റിയുടെ എതിരാളികൾ. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്‌റ്റണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബേണ്‍ലി പരാജയപ്പെടുത്തി.