പാരീസ്: ഫ്രഞ്ച് ലീഗില്‍ (Ligue 1) കുതിപ്പ് തുടര്‍ന്ന് പിഎസ്‌ജി. സെന്‍റ് എറ്റിനിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കരുത്തന്മാരായ പിഎസ്‌ജി വിജയം നേടിയത്. മാർക്വീഞ്ഞോസിന്‍റെ ഇരട്ട ഗോളാണ് പിഎസ്‌ജിക്ക് കരുത്തായത്. മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 23ാം മിനുട്ടില്‍ ഡെനിസ് ബൗംഗയിലൂടെ എറ്റിനിയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ ആദ്യ പകുതിയുടെ അവസാന സമയത്ത്പിഎസ്‌ജി തിരിച്ചടി തുടങ്ങി. 47ാം മിനുട്ടില്‍ മാർക്വീഞ്ഞോസാണ് പിഎസ്‌ജിയെ ഒപ്പമെത്തിച്ചത്.
തുടര്‍ന്ന് 79ാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ പിഎസ്‌ജിയെ മുന്നിലെത്തിക്കുകയും 91ാം മിനിട്ടില്‍ മാർക്വീഞ്ഞോസ് രണ്ടാം ഗോളിലൂടെ സംഘത്തിന്‍റെ ഗോള്‍ പട്ടിക തികയ്‌ക്കുകയും ചെയ്‌തു. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കിയത്. അതേസമയം 45ാം മിനിട്ടില്‍ എറ്റിനി താരം തിമോത്തി ചുവപ്പ് കാർഡ് നേടി പുറത്തായത് വഴിത്തിരിവായി.
72 ശതമാനവും പന്ത് കൈവശം വെച്ച് മത്സരം നിയന്ത്രിക്കാന്‍ പിഎസ്‌ജിക്കായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് എട്ട് ശ്രമങ്ങളാണ് സംഘം നടത്തിയത്. എറ്റിനി നാല് ശ്രമങ്ങളിലൊതുങ്ങി. വിജയത്തോടെ പിഎസ്‌ജി പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.