പാരീസ്: പാരീസിലെ പാർക് ഡെ പ്രിൻസസ് സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ക്ലബായ പാരീസ് സെയിന്‍റ് ജർമനും ഏറ്റുമുട്ടുന്നു. ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളുടെ ആദ്യ പാദ മത്സരത്തില്‍ പിഎസ്‌ജിക്ക് ഹോം ഗ്രൗണ്ട് മത്സരം.
എട്ടാം മിനിട്ടില്‍ നേടിയ ഒരു ഗോളിന് പിഎസ്‌ജി മുന്നില്‍. എപ്പോൾ വേണമെങ്കിലും ഗോൾ തിരിച്ചടിക്കുമെന്ന പ്രതീതിയില്‍ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ പിഎസ്‌ജി ഗോൾ മുഖത്ത്. മത്സരം 74-ാം മിനിട്ടിലേക്ക്. അതിനിടെ സ്വന്തം പോസ്റ്റില്‍ നിന്ന് കിട്ടിയ പന്തുമായി പിഎസ്‌ജി താരങ്ങൾ മൈതാനത്തിന്‍റെ മധ്യവര കടക്കുന്നു.
പന്ത് നേരെ സൂപ്പർ താരം ലയണല്‍ മെസിക്ക്. മെസി പന്തുമായി സിറ്റിയുടെ ഗോൾ മുഖത്തേക്ക്. പന്ത് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് കൈമാറുന്നു. എംബാപ്പെയുടെ മനോഹരമായ ഒരു ബാക്ക് ടച്ച്. പന്ത് വീണ്ടും മെസിയുടെ കാലില്‍. സ്വതസിദ്ധമായ ശൈലിയില്‍ ഗോൾ മുഖത്തേക്ക് ഓടിക്കയറിയ മെസി പെനാല്‍റ്റി ബോക്‌സിന് പുറത്ത് വെച്ച് ഗോൾ പോസ്റ്റിലേക്ക് ഇടംകാല്‍ കൊണ്ടൊരു ഷോട്ട്.
സിറ്റി ഗോളി മൊറേസ് വെറും കാഴ്ചക്കാരൻ. സ്റ്റേഡിയം ആർത്തു വിളിച്ചു. നെയ്‌മർ അടക്കമുള്ള പാരീസ് സെയിന്‍റ് ജെർമൻ താരങ്ങൾ ഓടിയെത്തുമ്പോൾ കിലിയൻ എംബാപ്പെയ്ക്ക് നേരേ കൈ ചൂണ്ടി ആഘോഷവും സന്തോഷവും പങ്കുവെക്കുകയായിരുന്നു മെസി. പിന്നീട് എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഒരു ഗോളിനായി നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പിഎസ്‌ജി പരിശീലകൻ പൊച്ചെട്ടിനോയുടെ പ്രതിരോധ തന്ത്രങ്ങൾ മറികടക്കാൻ ശേഷിയുള്ളതായിരുന്നില്ല അതൊന്നും.
പരിക്കിനെ പോലും തോല്‍പ്പിക്കുന്ന മെസി
ലോകമെമ്പാടുമുള്ള മെസി ആരാധകർ മാത്രമല്ല, ഫുട്‌ബോൾ ആരാധകരെ കൂടി സംതൃപ്‌തരാക്കുന്ന മനോഹരമായ ഗോളാണ് പിഎസ്‌ജി മൈതാനത്ത് മെസി ഇന്നലെ നേടിയത്. പിഎസ്‌ജി ജെഴ്‌സിയില്‍ മെസിയുടെ ആദ്യ ഗോൾ. ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ട മെസി തുടരുന്നു.