മാറക്കാന:തെരുവില്‍ പന്ത് തട്ടി വളർന്നവർ, അവർ പന്തു തട്ടുന്നത് ജയിക്കാൻ വേണ്ടി മാത്രമല്ല. സിരകളില്‍ ഫുട്‌ബോൾ ലഹരി നിറച്ച് കാലുകളില്‍ സാംബ താളവുമായി അവർ മൈതാനത്ത് നിറയുന്നത് കാല്‍പന്തിന്‍റെ സൗന്ദര്യ ലഹരി നുകരാൻ കൂടിയാണ്. ആർത്തലച്ചെത്തിയ ആ സൗന്ദര്യ ലഹരിയെ പ്രതിരോധക്കോട്ട കെട്ടി തടുത്തു നിർത്തിയപ്പോൾ തോറ്റുപോയത് ബ്രസീല്‍ എന്ന രാജ്യം മാത്രമായിരുന്നില്ല, വിശപ്പും ദാഹവും മറക്കാൻ തെരുവുകളെ കാല്‍പന്ത് മൈതാനങ്ങളാക്കിയ ഇനിയും അറിയപ്പെടാത്ത ലക്ഷക്കണക്കിന് ഫുട്‌ബോൾ സ്നേഹികൾ കൂടിയാണ്.
also read: യൂറോപ്പിലെ ഫുട്‌ബോൾ രാജാവാകാൻ ഇംഗ്ളണ്ടും ഇറ്റലിയും നേർക്കു നേർ
അവർ വിജയങ്ങളില്‍ മതിമറക്കും. പരാജയങ്ങളില്‍ കണ്ണീരോടെ മൈതാനം വിടും. കോപ്പ അമേരിക്ക ടൂർണമെന്‍റിന്‍റെ കലാശപ്പോരില്‍ അർജന്‍റീന കിരീടം നേടുമ്പോൾ ബ്രസീലിന്‍റെ എല്ലാമെല്ലാമായ നെയ്‌മർക്ക് കരയാതെ മാർഗമില്ലായിരുന്നു. തുടർ വിജയങ്ങളുമായി മഞ്ഞപ്പടയെ മുന്നില്‍ നിന്ന് നയിച്ച നെയ്‌മർക്ക് ആ പരാജയം താങ്ങാവുന്നതായിരുന്നില്ല. മത്സരത്തിന് അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ ജഴ്‌സി കൊണ്ട് മുഖം പൊത്തി നിലത്തിരുന്ന കരഞ്ഞ നെയ്‌മർ ഫുട്‌ബോളിലെ നൊമ്പരക്കാഴ്‌ചയായി.