കേരളം

kerala

ETV Bharat / sports

വിപ്ലവം ജയിച്ച് ഗാൾട്ടിയർ മടങ്ങി, ഇനിയും വിടരുമോ ലില്ലെ വസന്തം

പത്ത് വർഷത്തിനിടെ ആദ്യമായി ലില്ലെ എന്ന താരതമ്യേന ദുർബലരായ ടീം ഫ്രഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കുമ്പോൾ പിഎസ്‌ജി എന്ന വമ്പൻ ക്ലബിന് രണ്ടാം സ്ഥാനം മാത്രം. മൂന്ന് വർഷം മുൻപ് ലീഗില്‍ നിന്ന് തരംതാഴ്‌ത്തല്‍ ഭീഷണി നേരിട്ട ടീമാണ് ഇപ്പോൾ കിരീടം നേടിയത് എന്നതാണ് ലില്ലെയുടെ ഫുട്‌ബോൾ വിപ്ലവത്തിന്‍റെ മധുരം.

Lille won the Ligue 1 title
വിപ്ലവം ജയിച്ച് ഗാൾട്ടിയർ മടങ്ങി, ഇനിയും വിടരുമോ ലില്ലെ വസന്തം

By

Published : May 27, 2021, 9:38 AM IST

നെയ്‌മർ, കെലിയൻ എംബാപ്പെ, എയ്‌ഞ്ചല്‍ ഡി മരിയ, ഡെയ്‌ബാല.. ഇവരെല്ലാം ചേരുന്ന ഒരു ടീം ലോകത്തെ ഏറ്റവും മികച്ച ടീമാണെന്ന എന്ന കാര്യത്തില്‍ തർക്കമുണ്ടാകില്ല. പണക്കൊഴുപ്പും താരസമ്പത്തും നിറഞ്ഞ പാരീസ് സെയിന്‍റ് ജർമൻ എന്ന ക്ലബ് തന്നെയാണ് ഫ്രാൻസിലെ ഏറ്റവും മികച്ച ടീം. പക്ഷേ അങ്ങനെയൊരു മികച്ച ടീമിന് ഇത്തവണ സ്വന്തം ലീഗില്‍ കിരീടം നേടാനായില്ല എന്നതാണ് യാഥാർഥ്യം. അതേ ശരിയാണ്... ഫ്രാൻസില്‍ ശരിക്കും ഫുട്‌ബോൾ വിപ്ലവം നടന്നു. ആ വിപ്ലവത്തില്‍ തലയുരുണ്ടത് കഴിഞ്ഞ എട്ട് സീസണില്‍ ഏഴിലും കിരീടം നേടിയ പാരീസ് സെയിന്‍റ് ജർമൻ എന്ന സൂപ്പർ ക്ലബിന്‍റേതാണ്. പത്ത് വർഷത്തിനിടെ ആദ്യമായി ലില്ലെ എന്ന താരതമ്യേന ദുർബലരായ ടീം ഫ്രഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കുമ്പോൾ പിഎസ്‌ജി എന്ന വമ്പൻ ക്ലബിന് രണ്ടാം സ്ഥാനം മാത്രം. മൂന്ന് വർഷം മുൻപ് ലീഗില്‍ നിന്ന് തരംതാഴ്‌ത്തല്‍ ഭീഷണി നേരിട്ട ടീമാണ് ഇപ്പോൾ കിരീടം നേടിയത് എന്നതാണ് ലില്ലെയുടെ ഫുട്‌ബോൾ വിപ്ലവത്തിന്‍റെ മധുരം.

വിപ്ലവം വന്ന വഴി

ലില്ലെ ടീം

ഏതൊരു ടീമും ആഗ്രഹിക്കുന്നത് ലോകോത്തര താരങ്ങളെയാണ്. കളിക്കളത്തിലും പുറത്തും ആരാധകർക്കും വിജയം സ്വപ്‌നം കാണുന്നവർക്കുമെല്ലാം മികച്ച താരങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷേ പിഎസ്‌ജിയുടെ പണക്കൊഴുപ്പിന്‍റെ ഏഴയലത്ത് പോലും വരാത്ത ഒരു ടീമിന് എങ്ങനെ ലോക നിലവാരത്തിലുള്ള താരങ്ങളെ സ്വന്തമാക്കാനാകും. പക്ഷേ അവർ (ലില്ലെ) അതിന് പരിഹാരം കണ്ടെത്തി. ഒത്തൊരുമയും ജയിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും. ശരിക്കും കഴിഞ്ഞ മൂന്ന് വർഷമായി ലില്ലെ ഒളിമ്പിക് സ്പോർട്ടിങ് ക്ലബ് എന്നാല്‍ ഒത്തൊരുമയാണ്. കൊവിഡും താരങ്ങളുടെ പരിക്കും ടീമുകളെ വലച്ചപ്പോൾ ലില്ലെ അവിടെ വിജയം സ്വപ്‌നം കണ്ടു. മൂന്ന് വർഷം മുൻപ് ലീഗില്‍ തരംതാഴ്‌ത്തല്‍ ഭീഷണി നേരിട്ട ടീമാണ് ഇത്തവണ കിരീടം നേടി സ്വപ്‌നക്കുതിപ്പ് നടത്തിയത്.

ഇനിയും വിടരുമോ ലില്ലെ വസന്തം

വിപ്ലവത്തിന്‍റെ നായകൻ

ക്രിസ്റ്റഫെ ഗാൾട്ടിയർ

ഏതൊരു ടീമിന്‍റെയും വിജയ ശില്‍പ്പികൾ കളിക്കളത്തിലെ താരങ്ങളായിരിക്കും. എന്നാല്‍ ലില്ലെയ്‌ക്ക് അങ്ങനെ പേരെടുത്ത് പറയാൻ വലിയ താരങ്ങളില്ല. പക്ഷേ അവരുടെ ശരിക്കുമുള്ള താരം പരിശീലകനാണ്. പേര് ക്രിസ്റ്റഫെ ഗാൾട്ടിയർ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശരാശരി താരങ്ങൾക്ക് ആവേശവും ജയിക്കാനുള്ള മിടുക്കും ആത്മവിശ്വാസവും നിറച്ച് ഗാൾട്ടിയർ മൈതാനത്തേക്ക് ഇറക്കിവിട്ടപ്പോൾ ഏതൊരു ടീമിനെയും തോല്‍പ്പിക്കാനുള്ള നെഞ്ചുറപ്പാണ് ലില്ലെയ്ക്ക് ലഭിച്ചത്. വലിയ മാജിക്കൊന്നും ഗാൾട്ടിയർ കാണിച്ചില്ല. പക്ഷേ ജയിക്കാനുള്ള മന്ത്രം ഗാൾട്ടിയറുടെ കൈവശമുണ്ടായിരുന്നു.

വിപ്ലവം ജയിച്ച് ഗാൾട്ടിയർ മടങ്ങി

വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം

ഒരു ഫുട്‌ബോൾ ടീമില്‍ എന്താണ് സ്‌പോർട്ടിങ് ഡയറക്‌ടറുടെ സ്ഥാനം എന്നത് ലില്ലെ മാനേജ്‌മെന്‍റിന് മാത്രമല്ല, മുഴുവൻ കായിക ലോകത്തിനും മനസിലാകുന്നത് കഴിഞ്ഞ ദിവസമാണ്. പേര് ലൂയിസ് കാംപോസ്.. ജോലി സ്‌പോർട്ടിങ് ഡയറക്‌ടർ. പണമില്ലാത്ത ഒരു ടീമിന് മികച്ച താരങ്ങളെ വേണമെന്ന് പറഞ്ഞാല്‍ എവിടെ നിന്ന് കിട്ടാനാണ്. അവിടെയാണ് ലൂയിസ് കാംപോസ് ജോലി ആരംഭിച്ചത്. ലോകം മുഴുവൻ കാംപോസ് സഞ്ചരിച്ചു. തുർക്കി അടക്കമുള്ള രാജ്യങ്ങളിലെ വിവിധ ക്ലബുകളില്‍ നിന്നായി പ്രതിഭകളെ കണ്ടെത്തി ലില്ലെയിലെത്തിച്ചു. വൻകിട ക്ലബുകളില്‍ നിന്ന് പണമെറിഞ്ഞ് താരങ്ങളെ കൊണ്ടുവരാനല്ല, ലില്ലെയെ പോലൊരു ടീമിന് താങ്ങാവുന്നതും അതിലുപരി കളിക്കളത്തില്‍ തിളങ്ങാൻ കഴിയുന്നതുമായ താരങ്ങളെയാണ് കാംപോസ് ഫ്രാൻസിലെത്തിച്ചത്. അതുതന്നെയായിരുന്നു വിജയവും.

വിപ്ലവ പോരാളികൾ

സ്വപ്‌ന താരങ്ങൾ

ഏതൊരു വിപ്ലവത്തിനും പോരാളികളെ ആവശ്യമുണ്ട്. നായകനായി ജോസ് ഹോണ്ടെ. 37 വയസുണ്ടെങ്കിലും കളിക്കളത്തില്‍ പതിനേഴുകാരന്‍റെ ചെറുപ്പം. പ്രതിരോധത്തിലെ കരുത്തൻ. ഒപ്പം 21കാരനായ സെവ്‌ൻ ബോട്ട്‌മാൻ. മധ്യനിരയില്‍ ബെഞ്ചമിൻ ആൻഡ്രെ, റെനറ്റോ സാഞ്ചസ്, ബോബക്കാരി സൊമാരെ, ജൊനാഥൻ ബാംബ. മുന്നേറ്റത്തില്‍ ഗോളടിച്ചു കൂട്ടിയ ബുറാക് യില്‍മാസ്. ഈ പോരാളികൾ ഒന്നിച്ചു മുന്നേറിയപ്പോൾ ഫ്രാൻസിലെ ഫുട്‌ബോൾ കോട്ടകൾ തകർന്നു വീണു. ആ വീഴ്‌ചയില്‍ നെയ്‌മറും എയ്‌ഞ്ചല്‍ ഡി മരിയയും എംബാപ്പെയും എല്ലാമുണ്ട്.

ലില്ലെ ടീം ഗോൾ നേടിയപ്പോൾ
വിജയ കിരീടം ചൂടിയ ലില്ലെ
ലില്ലെയുടെ വിജയതാരങ്ങൾ

നായകൻ പോരാളികളും മടങ്ങുന്നു, ഇനിയെന്ത്

ലില്ലെയുടെ കിരീട വിജയത്തില്‍ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ സേവനം വിലമതിക്കാനാകാത്തതാണ്. ഫ്രഞ്ച് ലീഗ് വൺ കിരീടം നേടിയ ശേഷം ഗാൾട്ടിയർ പറഞ്ഞത് താൻ ടീം വിടുകയാണെന്നാണ്. ഒന്നുമല്ലാതിരുന്ന ഒരു ടീമിനെ കിരീട നേട്ടത്തിലെത്തിച്ച ശേഷം ഗാൾട്ടിയർ മടങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകളായിരിക്കും. പക്ഷേ ലില്ലെ പോലൊരു ക്ലബിന് ഇനിയും ഗാൾട്ടിയറുടെ സേവനം ആവശ്യമായിരുന്നു. നാല് വർഷം മാത്രമാണ് ഫ്രഞ്ചുകാരനായ ഗാൾട്ടിയർ ലില്ലെയെ പരിശീലിപ്പിച്ചത്. ഇറ്റാലിയൻ ക്ലബായ നാപോളി, ഫ്രഞ്ചു ക്ലബുകളായ ഒളിമ്പിക് ലിയോൺ, നൈസ് എന്നി ക്ലബുകളാണ് ഗാൾട്ടിയറെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

കിരീടം നേട്ടം ആഘോഷിച്ച് ലില്ലെ

സ്പോർട്ടിങ് ഡയറക്‌ടറായിരുന്ന ലൂയിസ് കാംപോസ് കിരീട നേട്ടത്തിന് കാത്തിരിക്കാതെ കഴിഞ്ഞ ഡിസംബറില്‍ ടീം വിട്ടിരുന്നു. പ്രതിരോധ നിരയില്‍ തിളങ്ങി നിന്ന സെവ്‌ൻ ബോട്ട്മാൻ ടീം വിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ലിവർപൂൾ, ടോട്ടൻഹാം എന്നി ക്ലബുകളാണ് ഡച്ച് താരത്തിനായി വല വിരിടച്ചിരിക്കുന്നത്. മധ്യനിരയില്‍ തകർത്തു കളിച്ച ബോബക്കാരി സൊമാരെയും ടീം വിടുകയാണ്. ഇംഗ്ലീഷ് ടീമായ ലെസ്റ്റർ സിറ്റിയാണ് സൊമാര്ക്കായി ശ്രമം നടത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലില്ലെയ്ക്കും ആരാധകർക്കും ഫ്രഞ്ച് വൺ കിരീട നേട്ടം വലിയ ആശ്വാസം തന്നെയാണ് പക്ഷേ ഗാൾട്ടിയർ ടീം വിടുന്നതും പ്രധാന താരങ്ങൾ കളംമാറുന്നതും ലില്ലെയുടെ ഭാവി ചോദ്യചിഹ്നത്തിലാക്കും.

വിപ്ലവം ജയിച്ച് ഗാൾട്ടിയർ മടങ്ങി, ഇനിയും വിടരുമോ ലില്ലെ വസന്തം

ABOUT THE AUTHOR

...view details