വാസ്‌കോ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി നിര്‍ണായക പോരാട്ടങ്ങള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇന്ന് ഗോവയിലെ ബിംബോളി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ ജയം മാത്രമാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം.
മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പ്രതിരോധത്തിലെ ഉള്‍പ്പെടെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എടികെ മോഹന്‍ബഗാനെതിരായ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഗാരി ഹൂപ്പറുടെ സൂപ്പര്‍ ഗോളില്‍ മുന്നിട്ട് നിന്നശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു എടികെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് കയറിയത്. എടികെക്കെതിരെ 3-2ന് പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ ഉള്‍പ്പെടെ പിഴവുകള്‍ പരിഹരിച്ചാലെ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 15 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 15 പോയിന്‍റ് മാത്രമാണുള്ളത്.
അതേസമയം 14 മത്സരങ്ങളിൽ നിന്ന് ഒൻപത് ജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 30 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് ഉറപ്പിച്ച് കളിക്കുന്ന മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണായകമല്ല. അതേസമയം എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ മുംബൈക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ ജയയിച്ചേ മതിയാകൂ. റാങ്കിങ്ങില്‍ തൊട്ടുതാഴെയുള്ള എടികെ മോഹന്‍ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരെ ജയിച്ച് കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്‍റെ ക്ഷീണം മാറ്റുകകൂടി മുംബൈയുടെ ലക്ഷ്യമാകും. നോര്‍ത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിലെ പരാജയം മുംബൈയുടെ പ്രതിരോധത്തിലുള്‍പ്പെടെ ആശങ്കകളുണ്ടാക്കിയിട്ടുണ്ട്. ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ നോര്‍ത്ത് ഈസ്റ്റിലെത്തിയ ഡെഷോം ബ്രൗണാണ് രണ്ട് തവണയും മുംബൈയുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി വല കുലുക്കിയത്. അവസാന പകുതിയില്‍ ആക്രമിച്ച് കളിച്ചാണ് മുംബൈക്ക് ആശ്വാസ ഗോള്‍ സ്വന്തമാക്കാനായത്.
ഇതിന് മുമ്പ് ഇരു ടീമുകളും 13 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ച് തവണ മുംബൈയും രണ്ട് തവണ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഒടുവിലായി ലീഗിലെ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ മറുപടിയില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരെ ആദം ലെ ഫോണ്ട്രെ, ഹ്യൂഗോ ബൗമസ് എന്നിവരാണ് വല കുലുക്കിയത്.
മത്സരം രാത്രി 7.30 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും സ്റ്റാര്‍ നെറ്റ് വര്‍ക്കിലും തത്സമയം കാണാം.