മ്യൂണിക് :ബുണ്ടസ് ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തുന്ന താരമായി ബയേൺ മ്യൂണിക്കിന്‍റെ റോബർട്ട് ലെവൻഡോവ്സ്‌കി. സീസണില്‍ 41 ഗോളുകള്‍ കണ്ടെത്തിയ 32കാരന്‍ ഇതിഹാസ താരം ഗെർഡ് മുള്ളർ സ്ഥാപിച്ച 40 ഗോളുകള്‍ എന്ന റെക്കോഡാണ് മറികടന്നത്. 49 വർഷങ്ങള്‍ക്ക് മുൻപ് 1971-72 സീസണിലായിരുന്നു മുള്ളർ 40 ഗോളുകള്‍ നേടിയത്.
അതേസമയം ലീഗിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ 277 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ് ലെവൻഡോവ്സ്‌കി. 365 ഗോളുകള്‍ നേടിയ ഗെർഡ് മുള്ളര്‍ തന്നെയാണ് ലെവൻഡോവ്സ്‌കിക്ക് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം ഓഗ്‌സ്ബര്‍ഗിനെതിരെ നടന്ന മത്സരത്തിലായിരുന്നു ലെവൻഡോവ്സ്‌കി തന്‍റെ 41ാം ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്‍റെ 90ാം മിനിട്ടിലായിരുന്നു പോളണ്ട് സ്ട്രൈക്കറുടെ ഗോള്‍ നേട്ടം. മത്സരത്തില്‍ രണ്ടിനെതിരം അഞ്ച് ഗോളുകള്‍ക്ക് വിജയം പിടിച്ച് ജര്‍മ്മന്‍ ലീഗിലെ തുടര്‍ച്ചയായ ഒമ്പതാം കിരീട നേട്ടം ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ലീഗില്‍ 32-ാം റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ തന്നെ ഹാൻസി ഫ്ലിക്കിൻെറ സംഘം കിരീടം ഉറപ്പിച്ചിരുന്നു.
also read: ബുണ്ടസ് ലിഗയില്‍ ഒമ്പതാം തവണയും ബയേണ്‍ ; ഓഗ്‌സ്ബര്‍ഗിനെതിരെ ആധികാരിക ജയം
ലെവൻഡോവ്സ്‌കിക്ക് പുറമെ സെര്‍ജ് നാബ്രി (23) ജോഷ്വാ കിമ്മിച്ച് (33), കിങ്സ്ലി കോമാന്‍ (43), എന്നിവരും ലക്ഷ്യം കണ്ടു. ഒമ്പതാം മിനുട്ടിൽ ഓഗ്‌സ്ബര്‍ഗ് താരം ജെഫ്രെ ഗുവേല്വോ സെല്‍ഫ് ഗോള്‍ വഴങ്ങിയിരുന്നു. ആന്ദ്രേ ഹാന്‍ (67), ഫ്‌ളോറിയാന്‍ നിയെദര്‍ലെഷ്‌നര്‍ (71) എന്നിവരാണ് ഓഗ്‌സ്ബര്‍ഗിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.