ലിസ്‌ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ലെപ്‌സിഗിന്‍റെ ജര്‍മന്‍ കരുത്തിന് മുന്നില്‍ മുട്ടുമടക്കി അത്‌ലറ്റിക്കോ മാഡ്രിഡ്. ക്വാര്‍ട്ടര്‍ഫൈനലില്‍ സ്‌പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലെപ്‌സിഗ് പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ബാഴ്‌സയിലേക്ക് ചേക്കേറിയ അന്‍റോണിയോ ഗ്രീസ്മാന് പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ പരിശീലകന്‍ സിമിയോണിയുടെ തന്ത്രങ്ങളൊന്നും ലിസ്‌ബണില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വിലപ്പോയില്ല.
അത്‌ലറ്റിക്കോയെ അട്ടിമറിച്ച് ചാമ്പ്യനാകാന്‍ ലെപ്‌സിഗ് - leipzing news
ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് ലെപ്‌സിഗ് സ്വന്തമാക്കിയത്
50ാം മിനിട്ടില്‍ ഡാനി ഒല്‍മോ ഹെഡറിലൂടെ ലെപ്‌സിഗിനായി ആദ്യ ഗോള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡിനെ അമ്പരപ്പിച്ചു. മാർസെൽ സാബിറ്റ്‌സറുടെ അസിസ്‌റ്റ് മിന്നല്‍ വേഗത്തില്‍ ഓല്‍മോ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നാലെ ഗോളടിക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് നിരവധി തവണ ശ്രമം നടത്തിയെങ്കിലും ലെപ്‌സിഗിന്‍റെ പ്രതിരോധത്തില്‍ തട്ടി നിന്നു. 88ാം മിനിട്ടില്‍ ജോ ഫെലിക്‌സ് അത്‌ലറ്റിക്കോ മാഡ്രിഡിനായി പെനാല്‍ട്ടിയിലൂടെ ഗോള്‍ സ്വന്തമാക്കി. പന്തുമായി മുന്നേറുകയായിരുന്ന ജോ ഫെലിക്‌സിനെ ലെപ്‌സിഗിന്‍റെ മധ്യനിര താരം ലൂക്കാസ് ക്ലോസ്‌റ്റര്‍മാന്‍ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. പിന്നാലെ 88ാം മിനിട്ടില്‍ അമേരിക്കന്‍ താരം ടെയ്‌ലര്‍ ആദംസിലൂടെ ലെപ്‌സിഗ് വിജയ ഗോള്‍ സ്വന്തമാക്കി. ലെപ്‌സിഗിന് വേണ്ടിയുള്ള ടെയ്‌ലറുടെ ആദ്യ ഗോളാണിത്. ഇതോടെ ടെയ്‌ലര്‍ ചാമ്പ്യന്‍സ് ലീഗിലും അക്കൗണ്ട് തുറന്നു.
ഓഗസ്റ്റ് 19ന് നടക്കുന്ന സെമി ഫൈനലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയാണ് ലെപ്‌സിഗിന്‍റെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ലെപ്‌സിഗ് സെമി ഫൈനല്‍സില്‍ പ്രവേശിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന 32മത്തെ ടീമാണ് ലെപ്‌സിഗ്.