ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ സതാംപ്റ്റണിന്‍റെ വലനിറച്ച് ലെസ്റ്റർ സിറ്റി. സതാംപ്റ്റണിന്‍റെ സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ലെസ്റ്ററിന്‍റെ വിജയം. ഇതോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ റെക്കോർഡിനൊപ്പമെത്തി. 1995 മാർച്ചിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തില്‍ യുണൈറ്റഡ് ഇപ്‌സ്‌വിച്ചിനെ 9-0 ന് തകർത്തിരുന്നു.
പ്രീമിയർ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് ചരിത്ര വിജയം - ലെസ്‌റ്റർ സിറ്റി വാർത്ത
ലെസ്റ്റർ ഏപക്ഷീയമായ ഒമ്പത് ഗോളുകൾക്ക് സതാപ്റ്റണിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു
![പ്രീമിയർ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് ചരിത്ര വിജയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4878443-thumbnail-3x2-footbal---copy.jpg)
ഇംഗ്ലീഷ് താരം ജെയ്‌മി വാർഡി, സ്പാനിഷ് താരം ആയോസ് പെരെസ് എന്നിവരുടെ ഹാട്രിക് മികവിലാണ് ലെസ്റ്ററിന്‍റെ വിജയം. 45, 58, 94 മിനിറ്റുകളിലാണ് വാർഡിയുടെ ഹാട്രിക്. 19, 39, 57 മിനിറ്റുകളില്‍ പെരെസും വല കുലുക്കി. 10-ാം മിനിറ്റില്‍ ലെസ്റ്ററിന്‍റെ ബെന്‍ ചില്‍വെല്‍ ഗോൾവേട്ടക്ക് തുടക്കമിട്ടു. 17-ാം മിനിറ്റില്‍ യൂറി ടെലെമാന്‍സും 85-ാം മിനിറ്റില്‍ ജയിംസ് മാഡിസനും സതാംപ്റ്റണിന്‍റെ വല കുലുക്കി. 12-ാം മിനിറ്റില്‍ റെയാന്‍ ബെർട്രാന്‍ഡ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതനെ തുടർന്ന് 10 പേരുമായാണ് സതാംപ്റ്റണ്‍ മത്സരം പൂർത്തിയാക്കിയത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ സീസണിലെ വിജയികളായ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പിച്ചു. സിറ്റിക്ക് വേണ്ടി റഹീം സ്‌റ്റെർലിങ് 46-ാം മിനിറ്റിലും കെവിന്‍ ഡി ബ്രൂയിന്‍ 65-ാം മിനിറ്റിലും ഇക്കെ ഗുണ്ടോങ് 70-ാം മിനിറ്റിലും ഗോളുകൾ നേടി. 87-ാം മിനിറ്റില്‍ ഫെർനാഡിനോ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. ചരിത്ര വിജയത്തോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒമ്പത് മത്സരങ്ങളില്‍ 25 പോയിന്‍റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 22 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ്.