ബാഴ്‌സലോണ: പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള, ബ്രസീലിയന്‍ സൂപ്പര്‍ മിഡ്‌ഫീല്‍ഡര്‍ റൊണാള്‍ഡിഞ്ഞോ എന്നിവരെ നൗ കാമ്പിലെത്തിച്ച ജൊവാന്‍ ലപോര്‍ട്ട വീണ്ടും ബാഴ്‌സലോണയുടെ പ്രസിഡന്‍റ് സ്ഥാനത്ത്. മെസിയെ ബാഴ്‌സലോണയില്‍ നിലനിര്‍ത്തുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ലപോര്‍ട്ട 54.28 ശതമാനം വോട്ട് നേടി വിജയിച്ചു. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ 1.09 ലക്ഷം വോട്ടര്‍മാരില്‍ 51,756 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 3,0184 പേര്‍ ലപോര്‍ട്ടക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 30 ശതമാനം വോട്ട് നേടിയ വിക്‌ടര്‍ ഫോണ്ട് രണ്ടാം സ്ഥാനത്തും ടോണി ഫ്രെയ്‌ക്‌സ മൂന്നാമതുമാണ്.
ലപോര്‍ട്ട വീണ്ടും ബാഴ്‌സ പ്രസിഡന്‍റ്; മെസി നൗ കാമ്പില്‍ തുടര്‍ന്നേക്കും - new president for barcelona news
അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയെ നിലനിര്‍ത്തുമെന്ന പ്രഖ്യാപനവുമായാണ് ജൊവാന്‍ ലപോര്‍ട്ട ബാഴ്‌സലോണയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത്

ലപോര്‍ട്ട ബാഴ്‌സ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നതോടെ മെസി നൗകാമ്പില്‍ തുടര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. വോട്ട് രേഖപ്പെടുത്താന്‍ മെസി എത്തിയതും ശുഭ സൂചനയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ മുന്‍ പ്രസിഡന്‍റ് ബര്‍ത്തോമ്യുവുമായുള്ള അഭിപ്രായ ഭിന്നത ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ബാഴ്‌സലോണ വിടുമെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സയുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്ന മുറക്ക് മെസി ബാഴ്‌സ വിടുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. എന്നാല്‍ ലപോര്‍ട്ട ബാഴ്‌സയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2003ലാണ് ലപോര്‍ട്ട ആദ്യമായി ബാഴ്‌സലോണയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്. ലപോര്‍ട്ടക്ക് കീഴില്‍ ബാഴ്‌സ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും നാല് തവണ ലാലിഗയും സ്വന്തമാക്കി. അദ്ദേഹത്തിന് കീഴിലെ 2003 മുതല്‍ 2015 വരെയുള്ള കാലയളവ് ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടങ്ങളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ ലപോര്‍ട്ടക്ക് തിരിച്ചടി നേരിട്ടു. അന്ന് ബര്‍ത്തോമ്യുവിനോട് പരാജയപ്പെട്ടാണ് ലപോര്‍ട്ട നൗ കാമ്പിന് പുറത്തേക്ക് പോയത്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴില്‍ ജയം ശീലമാക്കിയ ബാഴ്‌സലോണ സ്‌പാനിഷ് ലാലിഗയില്‍ അവസാനം നടന്ന 16 മത്സരങ്ങളില്‍ 13ലും ജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് 56ഉം ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 59ഉം പോയിന്‍റ് വീതമാണുള്ളത്.